തൊടുപുഴ: പരമ്പരാഗത വ്യവസായങ്ങൾക്ക് വളരാൻ പദ്ധതികൾ ഏറെയുണ്ട് പക്ഷെ ഇതൊക്കെ എത്തേണ്ടവരിൽ എത്തുന്നില്ലെന്ന് മാത്രം. ഇത്തരം വ്യവസായങ്ങൾ ആരംഭിക്കുന്നതിനും നല്ല നിലയിൽ നടത്തിക്കൊണ്ട് പോകുന്നതിനും ജില്ലയിൽ മെച്ചപ്പെട്ട സൗകര്യങ്ങളുണ്ടെങ്കിലും ജനം അതൊന്നും അറിയുന്നില്ല.കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരമ്പരാഗത വ്യവസായങ്ങളുടെ ഉന്നമനത്തിന് വിവിധ ഘട്ടങ്ങളായിട്ട് നിരവധിയായ പ ദ്ധതികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്.ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് എന്ന സർക്കാർ സ്ഥാപനത്തിനാണ് ഇത്തരം

പദ്ധതികളുടെ പ്രാദേശികമായ സംഘാടനത്തിന്റേയും ഇതിനോട് താൽപര്യമുളള ആളുകളെ കണ്ടെത്തുന്നതിന്റേയും പ്രധാന ചുമതല. വ്യത്യസ്ഥങ്ങളായ നിരവധി വ്യവസായങ്ങൾക്കാണ് ഖാദി ആൻ്റ് വില്ലേജ് ഇൻഡസ്ട്രീസിലൂടെ സർക്കാരിന്റെ സഹായങ്ങൾ ലഭിക്കുന്നത്.നിർഭാഗ്യവശാൽ ജില്ലയിൽ ചില സ്ഥലങ്ങളിലായി ഒതുങ്ങുന്ന നാമമാത്രമായ വ്യവസായങ്ങളാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്.പരമ്പരാഗത വ്യവസായങ്ങളുടെ പ്രോത്സാഹനത്തിനായി സർക്കാർ നൽകുന്ന സഹായങ്ങൾ സംബ്ബന്ധിച്ച് ജനത്തിന് കാര്യമായ അറിവുമില്ല.ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന വ്യവസായങ്ങൾക്ക് ആവശ്യമായ

അസംസ്കൃത വസ്തുക്കളുടെ ലഭ്യത,ഉത്പാദനം,വിപണനം എന്നിവക്ക് ആവശ്യമായ ഓൺ ലൈൻ ,ഇ-മീഡിയ സംവീധാനം ഉൾപ്പടെ ആധുനിക സാങ്കേതിക സൗകര്യങ്ങൾ ലഭ്യമാകും.

പാതി വഴിയിൽ

നിലച്ച്.....

വ്യവസായം ആരംഭിച്ചാൽ തടസ്സങ്ങൾ ഇല്ലാതെ മെച്ചപ്പെട്ട രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്തതാണ് ഇതിന്റെ ഏറ്റവും വലിയ വെല്ലു വിളി.ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ എടുത്താണ് മിക്ക പദ്ധതികളും ആരംഭിക്കുന്നതും.ഉത്പന്നങ്ങളുടെ അസംസ്കൃത വസ്തുക്കളുടെ ശേഖരണം ,വാടക,സെക്യൂരിറ്റി ,വൈദ്യുതി, പരസ്യം എന്നിങ്ങനെയുള്ള

തുടക്കത്തിലുള്ള ആവർത്തന ചിലവുകൾ പോലും വായ്‌പ്പാ തുകയിൽ നിന്ന് നൽകേണ്ടി വരുന്നതും ഏറെ പ്രശ്നമാണ്. എന്നാൽ ഇത്തരം പ്രതിസന്ധികൾ തരണം ചെയ്യാനുള്ള മാർഗങ്ങളും സഹായങ്ങളും പാരമ്പര്യ വ്യവസായ സംരംഭകർക്ക് സർക്കാരിൽ നിന്ന് ലഭ്യമാണ്.എന്നാൽ ഇത്തരം സംവിധാനങ്ങൾ അറിയാതെ സംരംഭങ്ങൾ പലതും നിലച്ച് പോവുകയുമാണ്.

സർക്കാർ

സഹായങ്ങൾ

ഒന്നിലധികം ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്നതിനും പാക്ക് ചെയ്യുന്നതിനുമുള്ള സൗകര്യം,പൊതു സൗകര്യ കേന്ദ്രങ്ങൾ,അസംസ്കൃത വസ്തുക്കൾ ശേഖരിച്ച് വെക്കുന്നതിനുള്ള കേന്ദ്രം,അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം, ഉപകരണങ്ങളും സാങ്കേതികതയും മെച്ചപ്പെടുത്തൽ,സംഭരണ ശാല,പരിശീലന കേന്ദ്രങ്ങൾ,മൂല്യവർദ്ധനയ്ക്കും സംസ്ക്കരണത്തിനുമുള്ള കേന്ദ്രങ്ങൾ,ബ്രാൻഡ് നിർമ്മാണം, പ്രൊമോഷൻ ക്യാമ്പയിൻ,പുതിയ മാർക്കറ്റിങ്ങ്, ഇ -മാർക്കറ്റിങ്ങ്,ഉത്പന്നങ്ങളുടെ നവീകരണം.

സംരഭങ്ങൾ......

ഔഷധസസ്യം,തേനീച്ച വളർത്തൽ,വന അധിഷ്ഠിതം,മൺപാത്രം,നീറ്റു കക്ക അനുബന്ധ ഉത്പന്നങ്ങൾ,കാർഷിക അതിഷ്ഠിത ഭക്ഷ്യ സംസ്ക്കരണം,തുകൽ ഉത്പന്നങ്ങൾ,എണ്ണ, സോപ്പ്,തീപ്പെട്ടി,പാരമ്പര്യോർജ്ജം,മരപ്പണി, കൊല്ലപ്പണി,ഇലക്ട്രോണിക്സ്,കൈകൊണ്ട് നിർമ്മിക്കുന്ന പേപ്പർ,ഫൈബർ,തുണി-വസ്ത്രം,എംബ്രോയ്ഡറി,ഫാബ്രിക് നൂൽ ഡയിങ്ങ്,കയർ എന്നിങ്ങനെയുള്ള പദ്ധതികൾക്കാണ് പാരമ്പര്യ വ്യവസായ പദ്ധതി പ്രകാരം സർക്കാർ പ്രധാനമായും സഹായങ്ങൾ നൽകുന്നത്.