തൊടുപുഴ: ഇനിയുള്ള ദിനങ്ങൾ മനസും ശരീരവും ഒരുപോലെ ശുദ്ധീകരിച്ച് പുണ്യ പാതയിൽ സഞ്ചരിക്കുന്ന റമദാൻ മാസം. റമദാനിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പള്ളികളിൽ പ്രാർത്ഥനകളും ചടങ്ങുകളും നടത്തുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. സാമൂഹിക അകലം ഉറപ്പാക്കാനും സാനിറ്റൈസർ ലഭ്യമാക്കാനും സംവിധാനങ്ങൾ ഏർപ്പെടുത്തിയതിനൊപ്പം പള്ളികളിൽ വരുന്നവർക്ക് മാസ്‌കും നിർബന്ധമാണ്. നോമ്പുതുറയ്ക്ക് പള്ളിയുടെ പരിസരങ്ങളിലും സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പള്ളിയുടെ മുറ്റത്തും പരിസരത്തും പന്തലിട്ടാണ് നോമ്പുതുറക്ക് സൗകര്യം ഒരുക്കിയിരിക്കുന്നത്. നോമ്പുകാലം പ്രമാണിച്ച് വീടുകളിലും നേരത്തേ തന്നെ ഒരുക്കങ്ങൾ പൂർത്തീകരിച്ചിരുന്നു. നാട്ടിലെങ്ങും റമദാൻ കിറ്റുകളും ഇഫ്താർ വിരുന്നുകളും സംഘടിപ്പിക്കാൻ വ്യക്തികളും സംഘടനകളും സജീവമാണ്. പള്ളികൾ കേന്ദ്രീകരിച്ച് മത വിജ്ഞാന സദസുകളും സംഘടിപ്പിച്ചിട്ടുണ്ട്.