തൊടുപുഴ: ജില്ലയിൽ വരും ദിവസങ്ങളിൽ വേനൽ മഴ കനക്കുമെന്നത് കണക്കിലെടുത്ത് നാളെ മുതൽ 16 വരെ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ സാദ്ധ്യതയാണ് പ്രവചിക്കുന്നത്.
ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത വേനൽ മഴ ലഭിക്കുന്നുണ്ട്. ലോ റേഞ്ചിലാണ് കൂടുതലും മഴ കിട്ടുന്നത്. ഇന്നലെ ഇടുക്കിയിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. വൈകിട്ട് മൂന്ന് മണിയോടെ തൊടുപുഴയിലും പരിസര പ്രദേശത്തും ആരംഭിച്ച മഴ ചെറിയ ഇടവേളകളിൽ മാറി നിന്നെങ്കിലും മണിക്കൂറുകളോളം തുടർന്നു. ഇന്ന് ജില്ലയിൽ ശക്തമായ മഴ പ്രവചിക്കുന്നില്ലെങ്കിലും ഇടത്തരം മഴ ലഭിച്ചേക്കാം. മാർച്ച് ഒന്നിന് ശേഷം കേരളത്തിലാകെ മഴ കൂടിയെങ്കിലും ഇടുക്കിയിൽ 11 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 9.39 സെ.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചതാകട്ടെ 8.4 സെ.മീറ്ററും. അതേ സമയം ജനുവരിയിൽ മാത്രം ഇടുക്കിയിൽ 12.9 സെ.മീ. മഴ ലഭിച്ചിരുന്നു.