തൊടുപുഴ: ആ ഗ്രൂപ്പ് ഫോട്ടോയും യാത്രയയപ്പ് ചടങ്ങും പ്രിയ കൂട്ടുകാരിയുടെ എന്നന്നേക്കുമുള്ള യാത്രയപ്പാകുമെന്ന് അവരാരും കരുതിയില്ല. തൊടുപുഴ ന്യൂമാൻ കോളേജിലെ അവസാന വർഷ ബി.എ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥിനി ട്രീസയുടെ (20) മരണമാണ് സഹപാഠികളെ കണ്ണീരിലാഴ്ത്തിയത്. മൂന്നു വർഷത്തെ പഠനത്തിനുശേഷം വിടപറയുന്നതിന്റെ ദുഃഖത്തിലും ഇനിയും കണ്ടുമുട്ടാമെന്ന പ്രതീക്ഷയിലാണ് അവർ വെള്ളിയാഴ്ച ഒത്തു ചേർന്നത്. അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നുള്ള ഗ്രൂപ്പ് ഫോട്ടോയ്ക്ക് ശേഷം കൂട്ടുകാർ ചേർന്നുള്ള ഫോട്ടോകളും സെൽഫികളും എടുക്കുന്ന തിരക്കിലായിരുന്നു എല്ലാവരും. തുടർന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് ട്രീസ തലചുറ്റി വീണത്. അദ്ധ്യാപകരും സഹപാഠികളും ചേർന്ന് ഒട്ടും സമയം കളയാതെ സെന്റ് മേരീസ് ആശുപത്രിയിൽ എത്തിച്ചു. പിന്നീടാണ് ട്രീസ മാരകമായ ഹൃദ്രോഗമുള്ള കുട്ടിയാണെന്ന് ഇവർ അറിയുന്നത്. രോഗിയായി കൂട്ടുകാരും അദ്ധ്യാപകരും കരുതാതിരിക്കുന്നതിനാണ് ഇക്കാര്യം മറച്ചു വച്ചതത്രേ. ഡോക്ടർമാർ 20 വയസുവരെയാണ് ആയുസ് വിധിച്ചതെന്ന കാര്യം കൂടി കേട്ടതോടെ കൂട്ടുകാർ വിങ്ങിപ്പൊട്ടി. അവർ ആശുപത്രിയിൽ കാവൽ ഇരുന്നെങ്കിലും ഒടുവിൽ ട്രീസ ഏവരെയും വിട്ട് യാത്രയായി. നൊമ്പരമായി ആ ഗ്രൂപ്പ് ഫോട്ടോ മാത്രം ബാക്കിയായി. മുളപ്പുറം വെട്ടിക്കാട്ട് പരേതനായ ജോസഫിന്റെയും റിട്ട. അദ്ധ്യാപികയായ മേഴ്‌സി ജോസഫിന്റെയും ഏക മകളാണ് ട്രീസ. വസതിയിലും മുളപ്പുറം സെന്റ് ജൂഡ് പള്ളിയിലും നടന്ന സംസ്‌കാര ശുശ്രൂഷയിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. മാനുവൽ പിച്ചളക്കാട്ടടക്കമുള്ള അദ്ധ്യാപകരും വിദ്യാർത്ഥികളും സ്‌കൂൾ വിദ്യാഭ്യാസകാലത്തെ അദ്ധ്യാപകരും സഹപാഠികളും ഉൾപ്പെടെ ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ എത്തിയിരുന്നു. ട്രീസയോടുള്ള ആദര സൂചകമായി സഹപാഠികളായ ആൺകുട്ടികൾ ശവമഞ്ചം ആംബുലൻസിലേയ്ക്ക് എടുത്തു വച്ചപ്പോൾ അവിടെ കൂടിയവരിൽ നിന്നും അലമുറ ഉയർന്നതും സങ്കട കാഴ്ചയായി. സെമിത്തേരിയിൽ എല്ലാ സഹപാഠികളും വെളുത്ത റോസാ പുഷ്പങ്ങൾ സമർപ്പിച്ചു നൊമ്പരപ്പെടുത്തുന്ന ഓർമകളോടെ മടങ്ങി.