തൊടുപുഴ: കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ പ്ലാസ്റ്റിക് നിരോധനം ഒരു വർഷം പിന്നിടുമ്പോൾ വെറും പ്രഹസനമായി മാറി. ഇപ്പോൾ വഴിയോരകച്ചവട സ്ഥാപനങ്ങളിലടക്കം നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ സുലഭമാണ്. 2020 ജനുവരി ഒന്നിനാണ് പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വന്നത്. നിരോധനം നിലവിൽ വന്നതു മുതൽ കടകളിൽ എല്ലാ ദിവസവും സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു. അതിന് ശേഷം തുണി സഞ്ചികളും പേപ്പർ ബാഗുകളുമെല്ലാം കടകളിൽ ഇടം പിടിച്ചിരുന്നു. എല്ലാക്കാര്യത്തിലുമുള്ള അമിതാവേശം അവിടെയും പ്രകടമായി. പിന്നെ എല്ലാം പഴയപടിയായി. പ്ലാസ്റ്റിക്കുകൾ പോയപോലെ തിരികെ വന്നു. ഇപ്പോൾ മിക്ക കടകളിൽ നിന്നും ലഭിക്കുന്നത് നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ്.
കൊവിഡിനെ തുടർന്നുണ്ടായ നിയന്ത്രണങ്ങൾക്കിടയിലാണ് പ്ലാസ്റ്റിക്കിനുള്ള നിരോധനം തകിടം മറിഞ്ഞത്. പിന്നീട് തദ്ദേശതിരഞ്ഞെടുപ്പും അതിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും എത്തിയതോടെ ഉദ്യോഗസ്ഥരിൽ ഏറിയ പങ്കും തിരഞ്ഞെടുപ്പ് ചുമതലകളിലും തിരക്കിലുമായതോടെ എങ്ങും പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞു തുടങ്ങി.

ചുമതല ആർക്ക്?​

പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കാനുള്ള ചുമതല കളക്ടർ, സബ് ഡിവിഷണൽ മജിസ്‌ട്രേട്ട്, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ എന്നിവർക്കാണ്.

നിരോധനം ലംഘിച്ചാൽ പിഴ

ആദ്യതവണ- 10,000

രണ്ടാംതവണ- 25,000

വീണ്ടും ലംഘിച്ചാൽ- 50,000

പാഴ്‌സലും പ്ലാസ്റ്റിക്കിൽ

മിക്ക കടകളിലും ഭക്ഷണ സാധനങ്ങൾ പാഴ്‌സലായി പൊതിഞ്ഞു നൽകുന്നത് പ്ലാസ്റ്റിക്കിലാണ്. ചൂട് മാറാത്ത ഭക്ഷണ സാധനങ്ങൾ, ഇറച്ചി മത്സ്യ കറികൾ തുടങ്ങിയവ ഇപ്പോഴും നേർത്ത പ്ലാസ്റ്റിക് കവറുകളിൽ നൽകുന്ന നിരവധി ഹോട്ടലുകളും തട്ടുകടകളും ജില്ലയിലുണ്ട്. ആഹാരത്തിനൊപ്പം പ്ലാസ്റ്റിക് കൂടി ഉരുകി ചേരുമെന്ന് അറിയാമെങ്കിലും അത്തരം ഭക്ഷണങ്ങളെ ഒഴിവാക്കാൻ ആരും തയ്യാറാകുന്നില്ല. ചുരുക്കം ഹോട്ടലുകൾ മാത്രമാണ് അലുമിനിയം ഫോയിലും മറ്റും ഉപയോഗിക്കുന്നത്.

കുമിഞ്ഞുകൂടി തിരഞ്ഞെടുപ്പ് ഫ്ളക്‌സുകൾ

തദ്ദേശ തിരഞ്ഞെടുപ്പിന്റെയും അതിന്റെ പിന്നാലെയെത്തിയ നിയമസഭാ തിരഞ്ഞെടുപ്പിന്റെയും പ്രചാരണ സാമഗ്രികളായ ഫ്ളക്‌സ് ബോർഡടക്കം നീക്കം ചെയ്യാൻ പല രാഷ്ട്രീയപാർട്ടികളും തയ്യാറായിട്ടില്ല. സ്ഥാനാർത്ഥികളുടെ ഫ്ളക്‌സ് ബോർഡുകൾ, നോട്ടീസ്, പോസ്റ്ററുകൾ എന്നിവ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ തന്നെ പുനചംക്രമണ ഏജൻസികൾക്ക് കൈമാറണമെന്നാണ് നിർദേശം. ജില്ലാ ഭരണകൂടം കർശനമായ നിർദേശം നൽകിയെങ്കിലും ഭൂരിപക്ഷം മേഖലയിലും കാര്യമായ പ്രതികരണം ഉണ്ടാകുന്നില്ല.