തൊടുപുഴ: രണ്ടാം കൊവിഡ് നിയന്ത്രണങ്ങൾ കൂടിയെത്തിയതോടെ തിളച്ച എണ്ണയിൽ പൊള്ളലേറ്റ നിലയിലാണ് പപ്പടവിപണി. ഇതോടെ ആകെ പ്രതീക്ഷയുണ്ടായിരുന്ന വിഷു വിപണിയും പൊടിഞ്ഞ പപ്പടം പോലെയായി. കൊവിഡിനെ തുടർന്ന് വിവാഹങ്ങളും ഉത്സവങ്ങളും ആഘോഷങ്ങളിലുമുണ്ടായ കുറവ് നിർമ്മാണത്തെ സാരമായി ബാധിച്ചിരുന്നു. പപ്പടമില്ലാത്ത വിഷു സദ്യ ആർക്കും ചിന്തിക്കാനാകില്ല. എന്നാൽ കഴിഞ്ഞ വർഷം ലോക്ക്ഡൗണിനെ തുടർന്ന് കാര്യമായ ആഘോഷമില്ലാതെ വിഷു കടന്നുപോയത് പപ്പട നിർമാതാക്കൾക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാക്കിയത്. ഇത്തവണ ആ കുറവ് നികത്താമെന്നായിരുന്നു കരുതിയത്. ദുഃഖവെള്ളിയിലും ഈസ്റ്ററിനും നല്ല കച്ചവടം കിട്ടിയത് വലിയ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ വിഷുവിന് രണ്ട് ദിവസം മുമ്പെത്തിയ നിയന്ത്രണങ്ങൾ എല്ലാം തവിടുപൊടിയാക്കി. പറഞ്ഞുവച്ചിരുന്ന പല ഓർഡറുകളും കടക്കാർ റദ്ദാക്കി. വ്യാപാര സ്ഥാപനങ്ങളിൽ ആളുകളെത്താത്തത് വില്പനയെ തന്നെ കാര്യമായി ബാധിച്ചതായാണ് വ്യാപാരികൾ പറയുന്നത്.

രുചികരമല്ല കാര്യങ്ങൾ

സദ്യകളിൽ രുചിയുടെ മാലപ്പടക്കം പൊട്ടിക്കുന്ന പപ്പടങ്ങൾ ഉണ്ടാക്കുന്ന വ്യവസായമേഖല കൊവിഡിന് ശേഷം കടുത്ത പ്രതിസന്ധിയിലാണ്. അസംസ്‌കൃത വസ്തുക്കളുടെ വിലവർദ്ധനയും പ്രതിസന്ധിക്ക് കാരണമാണ്. വെളിച്ചെണ്ണയുടേതടക്കം വില കുതിച്ചുയർന്നു. പരിചയ സമ്പന്നരായ തൊഴിലാളികളെ കിട്ടാനും ബുദ്ധിമുട്ടാണ് എന്നതും പ്രതിസന്ധിക്ക് ഇടവരുത്തി..

പപ്പടം പലവിധം

ചെറിയ പപ്പടം, വലിയ പപ്പടം, ഉള്ളി പപ്പടം, വെളുത്തുള്ളി പപ്പടം, മുളക് പപ്പടം, മസാല പപ്പടം, ജീരക പപ്പടം,കുരുമുളക് പപ്പടം, ഗുരുവായൂർ പപ്പടം തുടങ്ങി വിവിധ തരത്തിലുള്ള പപ്പടങ്ങളും വിപണിയിലുണ്ട്. എന്നാൽ ചെറിയ ചെറിയ പപ്പടങ്ങൾക്കാണ് എപ്പോഴും ഡിമാൻഡ്.

 ചെറിയ പപ്പട വില: 200 (70 ഗ്രാം)

''ഓർഡനുസരിച്ചാണ് പപ്പടം നൽകുന്നത്. കൊവിഡിന് ശേഷം മികച്ച കച്ചവടം ലഭിച്ചത് ദുഃഖവെള്ളിക്കും ഈസ്റ്ററിനുമായിരുന്നു. വിഷുവിനും ഇതേ കച്ചവടംപ്രതീക്ഷിച്ചിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ വന്നതോടെ കാര്യമായ ഓർഡർ ലഭിക്കുന്നില്ല.

-പ്രദീപ് പി.പി. (മുരളി പപ്പടം, തൊടുപുഴ)