ഇടുക്കി: കൊവിഡ് രോഗബാധിതർ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സ്വകാര്യ- കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാരെ നിറുത്തിക്കൊണ്ടു പോകാനുള്ള അനുമതി താത്കാലികമായി നിറുത്തി വയ്ക്കാൻ സർക്കാർ നിർദ്ദേശിച്ചതായി ആർ.ടി.ഒ അറിയിച്ചു. ഈ സാഹചര്യത്തിൽ ബസുകളിലെ യാത്രക്കാരുടെ നിന്നുള്ള യാത്ര ഇനിയൊരുത്തരവ് ഉണ്ടാകുന്നതുവരെ പാടില്ലാത്തതാണ്. ഇതിനു വിരുദ്ധമായി സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ പെർമിറ്റ് ലംഘനങ്ങൾക്ക് നടപടി സ്വീകരിക്കുന്നതാണെന്ന് ആർ.ടി.ഒ അറിയിച്ചു.

വില്ലേജ് ആഫീസ് അടച്ചു

ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തൊടുപുഴ വില്ലേജ് ആഫീസ് അടച്ചു. ഇന്നലെ ഉച്ചയോടെ തഹസിൽദാരുടെ നിർദേശത്തെ തുടർന്നാണ് നടപടി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ വില്ലേജ് മാനാണ് രോഗം സ്ഥിരീകരിച്ചത്. ജീവനക്കാരൻ സ്രവം പരിശോധനയ്ക്ക് കൊടുത്തപ്പോൾ രേഖപ്പെടുത്തിയ ഫോൺ നമ്പർ തെറ്റായാണ് രേഖപ്പെടുത്തിയത്. അതിനാൽ രോഗം സ്ഥിരീകരിച്ച ശേഷം ഇദ്ദേഹത്തെ കണ്ടെത്താൻ ആരോഗ്യവകുപ്പ് അധികൃതർ വൈകി. ഇതിനിടെ പലരുമായും ജീവനക്കാരൻ സമ്പർക്കത്തിലേർപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ആഫീസ് അടച്ച് ജീവനക്കാരെല്ലാം നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്.