കാർഷിക സമൃദ്ധിയുടെ ഓർമകൾ പുതുക്കിയും വരാനിരിക്കുന്ന ഒരുവർഷത്തെ പ്രതീക്ഷകളും കണ്ണിന് പൊൻകണിയൊരുക്കി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. കണി കണ്ടും കൈനീട്ടം വാങ്ങിയും പടക്കം പൊട്ടിച്ചും തിരക്കിലമരുന്ന ദിനമാണിന്ന് . സൂര്യൻ മീനംരാശിയിൽ നിന്ന് മേടം രാശിയിലേക്ക് സംക്രമിക്കുന്ന തുല്യരാപ്പകലുകളുള്ള ദിനമാണ് വിഷു. കൊല്ലവർഷംവരും മുൻപ് മലയാളിക്കിത് കാർഷിക വർഷപ്പിറവിയുടെ ദിനമായിരുന്നു. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച ദിനമെന്ന ഐതിഹ്യവുമുണ്ട് വിഷുവിന്. സമൃദ്ധമായൊരു ഭൂതകാലത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഏതൊരു ആഘോഷത്തേയും പോലെ വിഷുവും.വിഷുവുമായി ബന്ധപ്പെട്ട നിരവധിയേറെ ആചാരങ്ങൾ നമുക്കുണ്ട്. വിഷുക്കണിയാണ് ആചാരങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്. വിഷു ദിവസത്തെ ഐശ്വര്യം നിറഞ്ഞ ആദ്യക്കാഴ്ച കണിയാവണമെന്നാണ് ആചാരം. കണ്ണടച്ച് കണിയ്ക്കു മുന്നിലെത്തിയാണ് കണി കാണൽ. ഓട്ടുരുളിയിൽ വാൽക്കണ്ണാടിയും വെളളരിയും കൊന്നയും ഫലവർഗ്ഗങ്ങളും പണവും സ്വർണ്ണവും തുടങ്ങി ഭൂമിയിലെ എല്ലാ നല്ല വസ്തുവകകളും ചേർത്തൊരുക്കുന്ന കണി ഒരു വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന പ്രതീക്ഷയുടെ പ്രതീകമാണ്. കുടുംബത്തിലെ ഇളമുറക്കാർക്ക് മുതിർന്നവർ നൽകുന്ന കൈനീട്ടവും സമ്പത്തിന്റേയും സമൃദ്ധിയുടേയും കൈമാറലാണ്. കണിയുടെ ഐശ്വര്യവും സമൃദ്ധിയും ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുമെന്നാണ് വിശ്വാസം.
നാടെങ്ങും മഞ്ഞയണിഞ്ഞ് കൊന്നപ്പൂക്കളും ഐശ്വര്യം വിളിച്ചോതുന്ന സമൃദ്ധമായ വിളവെടുപ്പിനെയും അനുസ്മരിച്ച് സമ്പൽ സമൃദ്ധമായ പ്രകൃതിയുടെ കൊച്ചു രൂപമായി വിഷുക്കണിയൊരുക്കി ഇന്ന് കേരളം വിഷു ആഘോഷിക്കുകയാണ്.