തൊടുപുഴ: തൊടുപുഴ താലൂക്കിൽ നീല, വെള്ള കാർഡുടമകൾക്ക് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വിതരണം ചെയ്യുന്നതിനുള്ള സ്പെഷ്യൽ അരിയ്ക്കായി ഒന്ന് മുതൽ രണ്ട് ലക്ഷം വരെ അടയ്ക്കുക ബുദ്ധിമുട്ടാണെന്ന് ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് എസ്.എം. റെജി പറഞ്ഞു. ഇത്രയും വലിയ സംഖ്യ മുടക്കി ഈ അരി എടുത്തുവച്ചാൽ ചിലവുണ്ടാകില്ല. സ്കൂൾ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന 25 കിലോ അരി പല വീടുകളിലും സ്റ്റോക്ക് ഇരിക്കുന്നു. ലിസ്റ്റു പ്രകാരം മുഴുവൻ സാധനങ്ങളും എടുത്തു വച്ചാൽ പിന്നീട് വരുന്ന നോർമൽ റേഷൻ, ഏപ്രിൽ മാസ കിറ്റ് എന്നിവ വയ്ക്കാൻ പല കടകളിലും സൗകര്യം കുറവാണ്. അതിനാൽ വ്യാപാരികളുടെ ബുദ്ധിമുട്ട് മനസിലാക്കി ലിസ്റ്റ് രണ്ടാക്കുകയോ, മൂന്നു തവണയായി പണമടക്കാൻ സൗകര്യം ചെയ്ത് തരുകയോ ചെയ്യണം. കൂടാതെ കഴിഞ്ഞ മൂന്നു മാസമായി വിതരണത്തിന് പൂർണമായി റേഷൻ സാധനങ്ങൾ പല കടകളിലും തികയാത്ത സാഹചര്യമാണുള്ളത്. അലോട്ട്‌മെന്റ് കുറവായതുകൊണ്ടാണെന്ന് താലൂക്ക് സപ്ലൈ ആഫീസർ പറയുന്നു. അതിനാൽ അടിയന്തരമായി പൂർണമായി റേഷൻ വിതരണം ചെയ്യുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്നും എസ്.എം. റെജി പറഞ്ഞു.