ചെറുതോണി: ചെറുതോണി പാലത്തിന്റെ പ്ലാൻ മാറ്റിയതിനെതിരെ ജില്ലാകളക്ടർക്ക് നിവേദനം നൽകാൻ സർവ്വകക്ഷിയോഗം തീരുമാനിച്ചു. നിലവിലെ പ്ലാനിൽ പാലം പണിതാൽ ടൗൺതന്നെ ഇല്ലാതാവുകയും വ്യാപാരികൾക്കും, പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ ആദ്യത്തെ പ്ലാനിൽ നിർമ്മാണം നടത്തണമെന്നാവശ്യപ്പെടാൻ തീരുമാനിച്ചു. അടിമാലി, തൊടുപുഴ, കട്ടപ്പന പ്രദേശങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് തടസ്സമില്ലാതെ കടന്നുപോകാവുന്ന വിധത്തിൽ നിർമ്മാണം നടത്തണമെന്ന് യോഗത്തിൽ നിർദേശമുണ്ടായി. പാലത്തിന് അപ്രോച്ച് റോഡ് നിർമ്മിക്കുമെന്നു പറഞ്ഞിട്ടുണ്ടെങ്കിലും പ്ലാനിൽ ഇത് രേഖപ്പെടുത്തിയിട്ടില്ല. പ്രതിഷേധം വ്യാപകമായതിനെത്തുടർന്ന് ജില്ലാകളക്ടർ ഉദ്യോഗസ്ഥരുടെ യോഗം നാളെ രാവിലെ 10.30 ന് കളക്ട്രേറ്റിൽ വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ അഡ്വ. ഡീൻകുര്യാക്കോസ് എം.പി പങ്കെടുക്കും. യോഗത്തിൽ അനുകൂലമായ തീരുമാനമുണ്ടാകാത്ത പക്ഷം നിർമ്മണം തടയുന്നതുൾപ്പെടെ ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ജോർജ്ജ് പോൾ അദ്ധ്യക്ഷത വഹിച്ചു. റോഷി അഗസ്റ്റ്യൻ എം.എൽ.എ, സി.വി വർഗ്ഗീസ്, ജോസ് കുഴികണ്ടം, സാജൻ കുന്നേൽ, പി.ബി സബീഷ്, റോയി കൊച്ചുപുര, അനിൽ കൂവപ്ലാക്കൻ, സി.എം അസീസ്, സുരേഷ് മിനത്തേരിൽ തുടങ്ങിയവർ പങ്കെടുത്തു.