ചെറുതോണി: പെട്രോൾ പമ്പ് പ്രവർത്തിക്കുന്നതിൽ സമയക്രമം പാലിക്കുന്നില്ലെന്നാരോപിച്ച് യുവാവിന്റെ ഒറ്റയാൾ സമരം. ചെറുതോണിയിലെ പൊതുപ്രവർത്തകനായ വിനു പി തോമസാണ് സമരം നടത്തിയത് . പുലർച്ചെ 5 മണിമുതൽ രാത്രി പതിനൊന്നു മണിവരെ പ്രവർത്തിക്കുമെന്നാണ് ചെറുതോണിയിലെ പെട്രോൾ പമ്പിൽ ബോർഡ് എഴുതിവെച്ചിരിക്കുന്നത്. എങ്കിലും രാവിലെ പമ്പ് തുറക്കുന്നത് 7 മണിക്ക് ശേഷമാണ്. തൊടുപുഴ- പുളിയൻമല സംസ്ഥാനപാതയിൽ കഴിഞ്ഞ 45 വർഷമായി പ്രവർത്തിക്കുന്ന ഈ പെട്രോൾ പമ്പ് ജില്ലയുടെ എല്ലാ മേഖലയിൽ ഉള്ളവർക്കും അറിവുള്ളതാണ്. അതുകൊണ്ടുതന്നെ പുലർച്ചെ മുതൽ ഇതുവഴി യാത്ര ചെയ്യുന്നവർ ഇന്ധനം നിറയ്ക്കാൻ എത്താറുമുണ്ട്. അപ്പോഴെല്ലാം രാവിലെ പമ്പ് അടഞ്ഞുകിടക്കുന്നതായാണ് കാണാനാവുക. നിരവധിതവണ വ്യാപാരികളും മറ്റു നാട്ടുകാരും ഇക്കാര്യം മാനേജ്‌മെന്റിനെ അറിയിച്ചെങ്കിലു പ്രയോജനമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് പൊതുപ്രവർത്തകനും വ്യാപാരി പ്രതിനിധിയുമായ വിനു പി തോമസ്സ് ഒറ്റയാൾ സമരം നടത്തിയത്. താൻ നടത്തിയത് സൂചനാ സമരം ആണെന്നും നാളെ മുതൽ പുലർച്ചെ 6 മണി മുതൽ എങ്കിലും തുറന്നു പ്രവർത്തിക്കുമെന്നും മനേജ്‌മെന്റ് അറിയിച്ചതിനാൽ സമരം അവസാനിപ്പിച്ച് മടങ്ങുകയാണന്നും വിനു.പി.തോമസ് പറഞ്ഞു. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് മറുപടി പറയാൻ പമ്പ് മാനേജ്‌മെന്റ് തയ്യാറായില്ല. ചെറുതോണി ടൗണിലെ ഏക പെട്രോൾ പമ്പ് ആണിത്. ഈ പമ്പിൽ പതിവായി ഇന്ധനം ലഭിക്കാത്തതിനെതിരെയും നിരവധിതവണ സമരങ്ങൾ ഉണ്ടായിട്ടുണ്ട്.