ചെറുതോണി: ടൗണിൽ പുതിയതായി നിർമ്മാണമാരംഭിച്ച പാലത്തിന്റെ ആദ്യപ്ലാൻ മാറ്റി
പുതിയ പ്ലാൻ പ്രകാരം പാലത്തിന്റെ നിർമ്മാണം പുർത്തിയായാൽ ടൗൺ രണ്ടായി വിഭജിച്ചുപോകുമെന്ന് വ്യാപാരികളും നാട്ടുകാരും പറയുന്നു. കരാർ നൽകിയപ്പോൾ നൽകിയിരുന്ന പ്ലാനിലല്ല ഇപ്പോൾ നിർമ്മാണം നടത്തുന്നത്. പെരിയാറിനു കുറുകെ നിർമ്മിക്കുന്ന പാലത്തിന് നാലു ഫില്ലർ മാത്രമാണ് ഇപ്പോൾ നിർമ്മിക്കുന്നത്. നാലുഫില്ലർ കഴിഞ്ഞുള്ള പാലത്തിന്റെ ബാക്കിഭാഗത്ത് ഭിത്തികെട്ടി പൊക്കാനാണ് തീരുമാനം. എട്ടു മീറ്റർ ഉയരത്തിലാണ് പാലം നിർമ്മിക്കുന്നത്. കട്ടപ്പന അടിമാലി ദേശീയ പാതയിലേക്കാണ് പാലം യോജിപ്പിക്കുന്നത്. തൊടുപുഴയിൽ നിന്ന് കട്ടപ്പനയ്ക്കു പോകേണ്ട വാഹനങ്ങൾ പാലത്തിനടിയിലൂടെ പോകാനാണ് പദ്ധതി.
. ഇപ്പോൾ വാഹനങ്ങൾ പാർക്കുചെയ്യുന്നതിനും മറ്റും അടിസ്ഥാന സൗകര്യങ്ങളില്ല. ബസുകളും ടാക്സിവാഹനങ്ങളും സ്വകാര്യവാഹനങ്ങളും കടകൾക്കു മുമ്പിലും റോഡിലുമായിട്ടാണ് പാർക്ക് ചെയ്യുന്നത്. ഇപ്പോൾ തന്നെ ഗതാഗതക്കുരുക്ക് രൂക്ഷമാണ് നിലവിലെ പ്ലാനനുസരിച്ച് പാലത്തിന്റെ നിർമ്മാണം പൂർത്തിയായാൽ ടൗണിൽ യാതൊരു സൗകര്യവുമില്ലാതാകും. പാലത്തിനോടു ചേർന്ന് ഇരുസൈഡിലും അപ്രോച്ച് റോഡ് നിർമ്മിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതിനുള്ള സൗകര്യമില്ല.
ഇരു സൈഡിലുമുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റാതെ അപ്രോച്ച് റോഡു നിർമ്മിക്കാൻ കഴിയില്ല. പ്രദേശവാസുകളോടോ ജനപ്രതിനിധികളോടോ ആലോചിക്കാതെ നിർമ്മാണവുമായി മുന്നോട്ടുപോകുന്നതിനെതിരെ വ്യാപകമായി പ്രതിഷേധമുയർന്നിരുന്നു.