തൊടുപുഴ: രണ്ട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കലുങ്ക് നിർമ്മാണം തുടങ്ങിയിട്ട് നാല് വർഷമായി, നാട്ടുകാർക്ക് ഗുണകരമായ കലുങ്ക് ഇപ്പോഴും പാതിവഴിയിൽ എത്തി നിൽക്കുകയായണ്. വണ്ണപ്പുറം-കരിമണ്ണൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ശിവരാമൻ കുത്തു കലുങ്കിനാണ് ഈ ദുർഗതി. വെള്ളാരം തൊടിന് കുറുകെയായിട്ടാണ് ഈ കലുങ്ക്.കലുങ്കിന്റെ നിർമ്മാണം പൂർത്തീകരിച്ചാൽ പ്രദേശവാസികളായ കുടുംബക്കാർക്ക് ഏറെ പ്രയോജനം ലഭിക്കും. നാട്ടുകാരുടെ വർഷങ്ങളുടെ പരിശ്രമത്തെ തുടർന്നാണ് ഇവിടെ ഒരു നടപ്പാത പണിതത്.എന്നാൽ ഏതാനും നാളുകൾക്കകം നടപ്പാതയുടെ കെട്ടിടിഞ്ഞ് അപകടത്തിലാവുകയും ഇത് വഴിയുള്ള ഗതാഗതം ദുസ്സഹമാവുകയും ചെയ്തു.പിന്നീട് വർഷങ്ങൾ കാത്തിരുന്നതിന് ശേഷമാണ് പുതിയ കലുങ്ക് നിർമ്മാണത്തിന് അനുമതി ലഭിച്ചത്.സൈഡ് കെട്ടിനും അപ്രോച്ച് റോഡിനും ഉൾപ്പടെ അഞ്ച് ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ഇതിന് ലഭിച്ചത്.ഫണ്ട് അനുവദിച്ച് നിർമ്മാണം ആരംഭിച്ചിട്ട് നാല് വർഷങ്ങൾ കഴിഞ്ഞെങ്കിലും പൂർത്തീകരിക്കാതെ ഇപ്പോഴും പാതിവഴിയിലാണ്.
അനാസ്ഥയെന്ന് ആക്ഷേപം
സമീപ പ്രദേശത്ത് ഇതിന് ശേഷം ആരംഭിച്ച നിരവധി നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചപ്പോഴും ഈ കലുങ്കിന്റെ നിർമ്മാണം ഇഴയുന്നതിൽ കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്ത് കളിയാണെന്ന് വ്യാപകമായ ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്.ഇടയ്ക്കിടെ എന്തെങ്കിലും പണികൾ നടത്തും.അടുത്ത ദിവസം ഒരു കാരണവും ഇല്ലാതെ പണികൾ അവസാനിപ്പിക്കും.ഇത് വർഷങ്ങളായി തുടർന്ന് വരുന്ന കാര്യമാണെന്ന് നാട്ടുകാർ പറയുന്നു.കലുങ്കിന് വീതി കുറവായതിനാൽ മഴ പെയ്താൽ ആശുപത്രി സംബന്ധമായ ആവശ്യങ്ങൾ ഉൾപ്പെടെ ടൂവീലർ വാഹനങ്ങൾക്ക് പോലും കടന്ന് പോകാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
അപകടവസ്ഥ
കോൺക്രീറ്റ് ചെയ്ത കലുങ്കിന്റെ ഇരുവശത്തും നാലടിയോളം താഴ്ചയാണ്.കലുങ്കിനോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ കിണറുമുണ്ട്. കലുങ്കിനും ഇതിന്റെ ഭാഗമായിട്ടുള്ള റോഡിനും കൈവരി ഇല്ലാത്തതും ഏറെ അപകട സാദ്ധ്യതയാണ് നില നിൽക്കുന്നത്.