ഇടുക്കി: കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് പോകുന്ന എല്ലാ യാത്രക്കാർക്കും ഇ- പാസ് സമ്പ്രദായം നിർബന്ധമാക്കി തമിഴ്‌നാട് സർക്കാർ ഉത്തരവിറക്കി. വീണ്ടും കൊവിഡ് വ്യാപനം ശക്തമായതിന്റെ പശ്ചാത്തലത്തിലാണ് തേനി ജില്ലാ കളക്ടറുടെ കർശന നടപടി. മാർച്ച് 10 മുതൽ തമിഴ്‌നാട് സർക്കാർ ഉത്തരവിറക്കിയിരുന്നെങ്കിലും ഏപ്രിൽ 12 മുതലാണ് ഇത് കർശനമാക്കിയിട്ടുള്ളത്. ഇടുക്കി ജില്ലയിൽ നിന്നുള്ള തമിഴ്‌നാട് അതിർത്തികളായ ബോഡിമെട്ട്, കമ്പംമെട്ട്, ചതുരംഗപ്പാറ, ചിന്നാർ, തുടങ്ങിയ അതിർത്തി ചെക്ക് പോസ്റ്റുകളിൽ കർശനമായ പരിശോധന തുടങ്ങിക്കഴിഞ്ഞു. ചെക് പോസ്റ്റുകളിലേതു കൂടാതെ യാത്രയ്ക്കിടയിലും പരിശോധനകൾ ഉണ്ടാകും. അക്ഷയ കേന്ദ്രത്തിൽ നിന്ന് ഇ- പാസ് ലഭിക്കും. മാസ്ക് ധരിച്ചിട്ടില്ലെങ്കിൽ 200 രൂപാ പിഴയീടാക്കാനും നടപടി തുടങ്ങി.