തൊടുപുഴ: നിയന്ത്രണങ്ങൾക്കിടയിലും വിഷു ആഘോഷമാക്കാൻ ജനമിറങ്ങിയതോടെ പ്രധാന ടൗണുകളിലെല്ലാം നല്ല തിരക്ക് അനുഭവപ്പെട്ടു. തുണിക്കടക്കളടക്കമുള്ള വ്യാപാര സ്ഥാപനങ്ങളിലും മാർക്കറ്റുകളിലുമായിരുന്നു തിരക്കേറെ അനുഭവപ്പെട്ടത്. കൊവിഡ് ലോക്ഡൗണിന്റെ നടുവിലായിരുന്നതിനാൽ കഴിഞ്ഞ വിഷു വേണ്ട വിധം കൊണ്ടാടാൻ പറ്റിയിരുന്നില്ല. ആ ക്ഷീണം ഇത്തവണ തീർക്കണമെന്ന വാശിയിൽ ജനം ഇറങ്ങിയ മട്ടായിരുന്നു. ഇതോടെ കൊവിഡിന്റെ ആലസ്യത്തിലുള്ള വിപണിക്ക് ഉണർവായി. വിഷുക്കണിയൊരുക്കുന്നതിനും സദ്യവട്ടങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങിക്കുന്നതിനുമാണ് പ്റധാനമായും ഇന്ന് കൂടുതൽ പേരും വ്യാപാരസ്ഥാപനങ്ങളിലെത്തിയത്. പടക്കവും പൂത്തിരിയും കമ്പിത്തിരിയും മറ്റും വാങ്ങാനും നല്ലതിരക്കുണ്ടായിരുന്നു. കണിയൊരുക്കുന്നതിനുള്ള വെള്ളരിയും കൊന്നപ്പൂവും വഴിവക്കിൽ വിൽക്കുന്ന കാഴ്ച ഇന്നലത്തെ പ്രത്യേകതയായിരുന്നു. തിരക്കേറിയതോടെ പലയിടത്തും ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ഉച്ചകഴിഞ്ഞ് ജില്ലയിൽ പലയിടത്തും മഴ പെയ്തത് പലരെയും ബുദ്ധിമുട്ടിലാക്കി.