ചെറുതോണി : ന്യൂനപക്ഷ അവകാശങ്ങൾക്ക് അർഹരായ എല്ലാ വിഭാഗങ്ങൾക്കും തുല്യമായ പരിഗണന നൽകിക്കൊണ്ട് കാലങ്ങളായി നിലനിൽക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനായി അടുത്ത മന്ത്രിസഭയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് കെ.സി.വൈ.എം ഇടുക്കി രൂപത ആവശ്യപ്പെട്ടു.
ന്യൂനപക്ഷ അവകാശങ്ങൾക്ക് അർഹതപ്പെട്ട സമുദായങ്ങളെ പരിഗണിക്കാതെ വർഷങ്ങളായി ഒരു പ്രത്യേക സമൂഹത്തിൽ പെട്ട ആളുകൾക്ക് മാത്രം ന്യൂനപക്ഷ വകുപ്പ് മന്ത്രിസ്ഥാനം നൽകുകയാണ്. ഇതോടെ മറ്റ് ന്യൂനപക്ഷ സമുദായങ്ങൾക്ക് അർഹതപ്പെട്ട അവകാശങ്ങൾ നേടിയെടുക്കാൻ സാധിക്കാതെ വരുകയും ചെയ്തത്.പുതുതായി ചുമതല ഏൽക്കുന്ന മുഖ്യമന്ത്രി ഈ ഒരു സ്ഥാനം ഏറ്റെടുത്താൽ എല്ലാ വിഭാഗങ്ങൾക്കും മുഖ്യമന്ത്രിയുമായി നേരിട്ട് ഇടപെടാനും തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കാനും അത് മൂലം മറ്റ് സമുദായങ്ങൾക്കുകൂടി അവകാശപ്പെട്ട അംഗീകാരങ്ങൾ നേടിയെടുക്കാൻ സാധിക്കും.ഈ ആവശ്യം മുഴുവൻ ക്രൈസ്തവ സംഘടനകളും ഒറ്റക്കെട്ടായി ഉന്നയിക്കണമെന്ന്രൂപത സമിതി അഭിപ്രായപ്പെട്ടു.
കെ.സി.വൈ.എം രൂപതാ പ്രസിഡന്റ് അലക്‌സ് പുളിമൂട്ടിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രൂപത ഡയറക്ടർ ഫാ.മാത്യു ഞവരക്കാട്ട്,സിസ്റ്റർ റിൻസി (ആനിമേറ്റർ ഇടുക്കി രൂപത ),അപർണ ജോസഫ് (ജനറൽ സെക്രട്ടറി )വൈസ് പ്രസിഡന്റ്മാരായ ആൽബർട്ട് റെജി,അനു പി. ബെന്നി, സെക്രട്ടറിമാരായ ബിജോ ബൈജു,മഞ്ജിമ,ട്രെഷറർ എബിൻ മാത്യു, സ്റ്റേറ്റ് സിന്ഡിക്കേറ്റ് മെമ്പർ ടോമിൻ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.