തൊടുപുഴ: കേരള പുലയൻ മഹാസഭ (കെ.പി.എം.എസ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ 130-ാം ജന്മ വാർഷിക ദിനാചരണം നടത്തി. തൊടുപുഴ ജ്യോതി സൂപ്പർ ബസാറിന് സമീപമുള്ള ഗോൾഡൻ ജേസീസ് ഹാളിൽ നടന്ന ചടങ്ങിൽ മഹാസഭ സംസ്ഥാന സെക്രട്ടറി കെ.എ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. അനിൽകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. അംബേദ്കർ വിഭാവനം ചെയ്ത അധഃസ്ഥിത ജനതയ്ക്ക് നേരിട്ട് അധികാരത്തിൽ പങ്കാളിത്തമെന്ന ആശയം അട്ടിമറിക്കപ്പെട്ടതു മുതൽ അയിത്ത ജാതി വിഭാഗം സാമൂഹ്യ പിന്നാമ്പുറങ്ങളിൽ തന്നെ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കലും അധഃസ്ഥിത ജനത രക്ഷപ്പെടരുതെന്ന മനോഭാവമായിരുന്നു ചില ദേശീയ നേതാക്കളുടേതെന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാൻ കഴിയും. അധികാരത്തിൽ പങ്കാളിത്തമില്ലാതെ ഈ ജനതയ്ക്ക് രാജ്യത്ത് രക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാസഭ സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ടി. അയ്യപ്പൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാജൻ അമ്പാംകുന്നേൽ, സുബ്രൻ തച്ചിൽ, മഹിളാ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയംഗം ബിന്ദു മോഹനൻ, വിവിധ താലൂക്ക് കമ്മറ്റി ഭാരവാഹികൾ എന്നിവർ സംസാരിച്ചു. സംസ്ഥാന സമിതിയംഗം മഞ്ഞാടിത്തറ വിജയൻ സ്വാഗതവും സനൽ ചന്ദ്രൻ നന്ദിയും പറഞ്ഞു. രാവിലെ പ്രത്യേകം തയ്യാറാക്കിയ അംബേദ്ക്കർ ചിത്രത്തിൽ പുഷ്പാർച്ചനയും പിന്നീട് ജന്മദിന സദ്യയും പായസ വിതരണവും നടത്തി.