ഇടുക്കി: ജില്ലയിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ ജില്ലാ ദുരന്ത നിവാരണ യോഗത്തിൽ ജില്ലാ കളക്ടർ എച്ച്. ദിനേശന്റെ നിർദേശം. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ജില്ലയിൽ രണ്ടുദിവസത്തിനകം പതിനായിരം കൊവിഡ് ടെസ്റ്റുകൾ നടത്തുമെന്നും കളക്ടർ പറഞ്ഞു. അയൽ സംസ്ഥാനത്തുനിന്ന് ജില്ലയുടെ അതിർത്തി വഴി വരുന്ന എല്ലാവരെയും നിർബന്ധിത കൊവിഡ് ടെസ്റ്റിന് വിധേയമാക്കും. കൊവിഡ് ക്ലസ്റ്ററുകളിൽ കൂടുതൽ ടെസ്റ്റുകൾ നടത്തും. വ്യാപാരവാണിജ്യ മേഖലയിൽ നിയന്ത്രണം കർശനമാക്കുന്നതിന് ഇന്ന് രാവിലെ 11ന് വ്യാപാരി വ്യവസായി, ഹോട്ടൽ റസ്റ്റോറന്റ്സ് അസോസിയേഷൻ ഭാരവാഹികളുമായി ഓൺലൈനായി യോഗം ചേരും. ഈ രംഗത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി വി.എ. നിഷാദ്‌മോൻ തുടങ്ങി വിവിധ വകുപ്പുതല മേധാവികൾ പങ്കെടുത്തു.

മംഗളാദേവി ഉത്സവം ഉപേക്ഷിച്ചു

മംഗളാദേവി ചിത്രപൗർണ്ണമി ഉത്സവം കൊവിഡ്- 19 കേസുകൾ പെരുകുന്ന സാഹചര്യത്തിൽ ഇത്തവണയും വേണ്ടെന്ന് വെച്ചു. ജില്ലാ ദുരന്ത നിവാരണ യോഗത്തിന് ശേഷം ജില്ല കളക്ടർ എച്ച് ദിനേശനാണ് ഇക്കാര്യം അറിയിച്ചത്. തേനി കളക്ടറുമായി ആലോചിച്ച ശേഷം ചടങ്ങുകൾ നടത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ഈ മാസം 27നാണ് ഉത്സവം നടക്കേണ്ടിയിരുന്നത്. പെരിയാർ വന്യജീവി സാങ്കേതത്തിനുള്ളിലെ മലമുകളിൽ സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ക്ഷേത്രമാണ് മംഗളാദേവി കണ്ണകി കോവിൽ. കേരള വനം വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിലാണ് ക്ഷേത്രം. വർഷത്തിൽ ഒരു ദിവസം മാത്രമേ ഭക്ത ജനങ്ങൾക്ക് ഇവിടെ ആരാധന നടത്താൻ അധികൃതർ അനുമതി നൽകാറുള്ളൂ.
മുൻ കാലത്ത് ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് കേരള- തമിഴ്‌നാട് സംസ്ഥാനങ്ങൾ തമ്മിൽ തർക്കം ഉണ്ടായതിനെ തുടർന്ന് ഇരു സംസ്ഥാനങ്ങളും സംയുക്തമായാണ് കാലങ്ങളായി ഇവിടുത്തെ ഉത്സവ ആഘോഷ ചടങ്ങുകൾ നടത്തിവരുന്നത്.

നിയന്ത്രണങ്ങൾ ഇങ്ങനെ

 കല്യാണം, ഗൃഹപ്രവേശം, മരണം, മറ്റു മതപരമായ ചടങ്ങുകൾ തുടങ്ങിയവകളിൽ ആഡിറ്റോറിയങ്ങൾക്കുള്ളിൽ പരമാവധി 100 പേരും ആഡിറ്റോറിയത്തിനു പുറത്ത് പരമാവധി 200 പേരുമായും നിജപ്പെടുത്തണം. ചടങ്ങുകളുടെ വിവരം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ മുൻകൂറായി അറിയിക്കണം. അല്ലാത്തവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും.

 ബസുകളിൽ യാത്രക്കാരെ നിർത്തിക്കൊണ്ടു പോകാനുള്ള അനുമതി നിറുത്തി

 പൊതുയോഗങ്ങളും മറ്റ് പൊതുപരിപാടികളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നടത്താൻ പാടില്ല.

 വിനോദ സഞ്ചാര മേഖലകൾ പൂർണമായും കൊവിഡ് പ്രോട്ടോകോൾ പാലിക്കണം.