ചെറുതോണി: ടൗണിൽ നിർമ്മാണമാരംഭിക്കുന്ന പാലത്തിന്റെ പ്ലാൻ മാറ്റുന്നതിന് കളക്ട്രേറ്റിൽ കൂടിയ യോഗത്തിൽ തീരുമാനം. നിലവിൽ ആശാസ്ത്രീയമായ രീതിയിൽ പാലത്തിന്റെ പ്ലാൻ മാറ്റിയതിനെതിരെ വ്യാപാരികളും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പ്രതിഷേധ മറിയിച്ചതിനെത്തുടർന്നാണ് ജില്ലാകളക്ടർ ദേശീയപാതാ ഉദ്യോഗസ്ഥരെയും ഡീൻ കുര്യക്കോസ് എം.പിയെയും പങ്കെടുപ്പിച്ച് യോഗം നടത്തിയത്. പാലത്തിന്റെ പ്ലാൻ മാറ്റണമെന്ന് യോഗത്തിൽ പങ്കെടുത്തവരെല്ലാവരും ഐക്യകണ്ഠേന ആവശ്യപ്പെട്ടതിനെത്തുടർന്ന് ഉദ്യോഗസ്ഥർ പ്ലാൻ മാറ്റാൻ തയ്യാറാവുകയായിരുന്നു. പുതിയ പ്ലാനനുസരിച്ച് ചെറുതോണി ട്രാഫിക് ജംഗഷനിൽ നിന്ന് പാലമാരംഭിക്കും. ആദ്യ പ്ലാനിൽ അടിമാലി റോഡിൽ സ്റ്റോണേജിനു സമീപത്ത് നിന്ന് നിർമ്മാണമാരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇവിടെ നിന്ന് പാലം പണിയാരംഭിച്ചാൽ നൂറോളം വ്യാപാരശാലകൾക്ക് തടസം നേരിടുമായിരുന്നു. പ്ലാൻ മാറ്റുന്നതിലൂടെ കൂടുതൽ തടസങ്ങളുണ്ടാവുകയില്ല. അടിമാലി റൂട്ടിൽ നിന്നും തൊടുപുഴ റൂട്ടിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് തടസമില്ലാതെ പുതിയ പാലത്തിൽ കയറാവുന്ന വിധത്തിലാണ് പ്ലാൻ തയ്യാറാക്കുന്നത്. പുതിയ പ്ലാൻ വരച്ച് വീണ്ടും നാളെ കളക്ട്രേറ്റിൽ ചേരുന്ന യോഗത്തിൽ അവതരിപ്പിക്കും. യോഗത്തിൽ ജില്ലാ കളക്ടർ എച്ച്. ദിനേശൻ, ഡീൻ കുര്യക്കോസ് എം.പി, എക്‌സിക്യുട്ടീവ് എൻജീനീയർ ദീപ, അസി. എക്‌സിക്യുട്ടീവ് എൻജീനീയർ റെക്‌സ്, സി.വി വർഗീസ്, ജോസ് കുഴികണ്ടം, സാജൻകുന്നേൽ, പി.ബി സബീഷ്, സജി തടത്തിൽ വിനു പി തോമസ്, സുരേഷ് മീനത്തേരിൽ, ബി.പി.എസ് ഇബ്രാഹിം കുട്ടി, എം.ഡി അർജുനൻ തുടങ്ങിയവർ പങ്കെടുക്കും.