തൊടുപുഴ: വീടിന്റെ മുൻവാതിലിൽ നിന്ന് വിചിത്ര ഭാഷയിലെഴുതിയ കത്ത് കണ്ടെത്തിയത് വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ ഭീതിയിലാഴ്ത്തി. തൊടുപുഴ സഹകരണ ആശുപത്രിക്ക് എതിർവശത്തുള്ള തച്ചേട്ട് നഗറിലെ തച്ചേട്ട് ജി. ബിജുമോന്റെ വീട്ടിൽ നിന്നാണ് ചോരപാടുകൾ പറ്റിയ പോലെ തോന്നിക്കുന്ന തുണ്ടുപേപ്പറിൽ ആർക്കും മനസിലാകാത്ത ഭാഷയിൽ കത്ത് ലഭിച്ചത്. ഇന്നലെ രാവിലെ മുൻവാതിൽ തുറക്കാനാകാതെ വന്നപ്പോൾ പിൻവാതിൽ തുറന്ന് മുൻവശത്തെത്തി ബിജുമോൻ നോക്കിയപ്പോഴാണ് ഓടാമ്പലിട്ട് അതിനിടയിൽ നിന്ന് നൂലിൽ കെട്ടിയ നിലയിൽ കത്ത് ലഭിച്ചത്. വിചിത്ര ഭാഷയിൽ നാലഞ്ച് വാക്കുകൾ എഴുതിയ ശേഷം ഒപ്പ് പോലെ എന്തോ ഇട്ടിട്ടുമുണ്ട്. ഭിത്തിയിൽ വിരലടയാളങ്ങളുമുണ്ട്. മൂന്ന് ദിവസം മുമ്പും രാവിലെ ഇതേ പോലെ വീടിന്റെ വാതിൽ മുൻവശത്ത് നിന്ന് അടച്ചിരുന്നതായി ബിജു പറഞ്ഞു. അന്നത് കാര്യമാക്കിയിരുന്നില്ല. സംഭവത്തെ തുടർന്ന് ബിജുമോൻ തൊടുപുഴ പൊലീസിൽ പരാതി നൽകി. ആരോ പേടിപ്പിക്കാനായി ചെയ്ത സംഭവമാണിതെന്നും കത്തിലുള്ളത് ചോരപ്പാടുകളല്ലെന്നും തൊടുപുഴ സി.ഐ സുധീർ മനോഹർ പറഞ്ഞു. പ്രദേശത്ത് സി.സി ടി.വി കാമറ വയ്ക്കാൻ നിർദേശം നൽകിയതായും സംഭവത്തിൽ കേസെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പരാതി നൽകിയിട്ടും പൊലീസ് ആരും അന്വേഷിച്ച് വന്നില്ലെന്ന് ബിജുമോൻ പറഞ്ഞു. മങ്ങാട്ടുകവലയ്ക്കടുത്ത് ലെയ്ത്ത് നടത്തുന്ന ബിജുവിന്റെ വീട്ടിൽ അമ്മയും ഭാര്യയും രണ്ട് കുട്ടികളുമാണുള്ളത്.