mujeeb
മുജീബ്

തൊടുപുഴ: പൊതുപ്രവർത്തന രംഗത്തെ മാതൃകാപരമായ വ്യക്തിതമായിരുന്ന എം.കെ. മുജീബിന്റെ അപ്രതീക്ഷിത മരണം നാട്ടുകാരെയും സഹപ്രവർത്തകരെയും ഒരുപോലെ ദുഃഖിതരാക്കി. ഏതാനും ദിവസമായി പനിയെതുടർന്നു വീട്ടിൽ വിശ്രമത്തിലായിരുന്ന മുജീബ് ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ ഭാര്യയോടും സഹോദരനോടുമൊപ്പം ജില്ലാ ആശുപത്രിയിലെത്തി നിമിഷങ്ങൾക്കകം കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ഉടൻ തന്നെ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. വിവരം അറിഞ്ഞു പാർട്ടി പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ വലിയ ആൾക്കൂട്ടം ആശുപത്രിയിലേക്കെത്തിയെങ്കിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു രാത്രിതന്നെ കബറടക്കം നടത്തുമെന്ന് അറിയിച്ചു ആൾക്കൂട്ടത്തെ മടക്കി വിടുകയായിരുന്നു. കാരിക്കോട് നൈനാര് പള്ളി കോമ്പൗണ്ടിൽ ആംബുലൻസിസിൽ വച്ച് മാതാവിനെയും ഭാര്യയെയും രണ്ടു കുട്ടികളെയും മാത്രമാണ് ഭൗതിക ശരീരം കാണാൻ അനുവദിച്ചത്. കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി .കെ .പൗലോസ്, സി.പി.എം ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസൽ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.കെ. നവാസ്, കോൺഗ്രസ് നേതാക്കളായ ജാഫർഖാൻ മുഹമ്മദ്, വി.ഇ. താജുദീൻ, കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം അപു ജോൺ ജോസഫ്, സോക്കർ ക്ലബ് കോ- ഓർഡിനേറ്റർ പി.എ. സലിംകുട്ടി തുടങ്ങിയവർ മരണ വിവരം അറിഞ്ഞതു മുതൽ കബറടക്കം നടത്തുന്നതുവരെ സ്ഥലത്തുണ്ടായിരുന്നു. തൊടുപുഴ മുനിസിപ്പൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കെ.പി.സി.സി ഒ.ബി.സി സെൽ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, ജവഹർ ബാലാമഞ്ജ് ബ്ലോക്ക് വൈസ് ചെയർമാൻ, ഐ.എൻ.ടി.യു.സിയുടെ വിവിധ ട്രേഡ് യൂണിയൻ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.