ഉടുമ്പന്നൂർ: പൈപ്പ് ലൈൻ പൊട്ടിയത് നന്നാക്കാൻ മണ്ണ് മാറ്റിയ സ്ഥലത്ത് രൂപപ്പെട്ട വലിയ കുഴി യാത്രക്കാർക്ക് ഭീഷണിയായി മാറിആഴ്ചകളായിട്ടും മൂടാൻ വാട്ടർ അതോറിട്ടി തയ്യാറാകുന്നില്ലെന്ന് ആക്ഷേപം. ഉടുമ്പന്നൂർ ടൗണിൽ ബസ് സ്റ്റോപ്പിന് സമീപത്താണ് ഈ അപകടാവസ്ഥ തുടരുന്നത്. നിരവധി വാഹനങ്ങളും കാൽനട യാത്രികരും കടന്ന് പോകുന്ന റോഡരികിലെ അപകടാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് പ്രദേശവാസികളും വ്യാപാരികളും വാട്ടർ അതോറിട്ടി അധികൃതരെ വിവരം അറിയിച്ചിട്ടും ഒരു നടപടിയുമെടുത്തില്ല. മാത്രമല്ല കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയതും ആഴ്ചകളായി നന്നാക്കിയിട്ടില്ല. ഇതേ തുടർന്ന് ഉടുമ്പന്നൂർ ടൗൺ, അമയപ്ര, മഞ്ചിക്കല്ല്, കോട്ടക്കവല പ്രദേശങ്ങളിലേക്ക് കുടിവെള്ളം മുടങ്ങിയിട്ട് ആഴ്ചകളായി. ഇക്കാര്യത്തിൽ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.