ഇന്ന് എത്താൻ സാദ്ധ്യത
തൊടുപുഴ: കൊവിഡ് വാക്സിൻ ക്ഷാമം ജില്ലയിലും രൂക്ഷം.ഇതേ തുടർന്ന് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ വാക്സിൻ എടുക്കാൻ എത്തിയവരെ അധികൃതർ തിരിച്ചയച്ചു.ജില്ലയിൽ സർക്കാർ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ഉൾപ്പടെ 57 കേന്ദ്രങ്ങളിലാണ് വാക്സിൻ വിതരണം ചെയ്ത് വരുന്നത്. ഇവിടങ്ങളിൽ നേരിട്ടും ഓൺ ലൈനിലും ആളുകൾ പേരുകൾ രജിസ്റ്റർ ചെയ്തിരുന്നു.ഇത് കൂടാതെ
സാംസ്ക്കാരിക സംഘടനകൾ, വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പടെയുള്ളവരുടെ സഹകരണത്തോടെ ചിലയിടങ്ങളിൽ വാക്സിൻ വിതരണം നടത്തുന്നുണ്ട്.
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൊവിഡ് വ്യാപനം ജില്ലയിലും അതി രൂക്ഷമാണ്.ഇതേ തുടർന്ന് തിരഞ്ഞെടുപ്പിന് ശേഷം വിവിധ വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ തിരക്കും വർദ്ധിച്ചു.ക്ഷാമം കാരണം വാക്സിൻ ലഭിക്കാൻ സാദ്ധ്യത ഇല്ല എന്നുള്ള പ്രചരണം വ്യാപകവുമാണ്.
ആർക്കും ലഭിക്കില്ല എന്നുള്ള സാമൂഹ്യ മാധ്യമ പ്രചരണങ്ങളുംചിലയിടങ്ങളിൽ മനപ്പൂർവം എന്ന രീതിയിൽ പ്രചരിക്കുന്നുണ്ട്.
ഇക്കാരണത്താലും വാക്സിൻ കേന്ദ്രങ്ങളിലെ തിരക്ക് കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ട് കൂടി.ജനങ്ങൾ വാക്സിൻ കേന്ദ്രങ്ങളിൽ എത്തി ക്യൂവിൽ നിൽക്കുമ്പോഴാവും വാക്സിൻ തീർന്നു എന്ന കാര്യം അറിയുന്നത്.ഇതേ തുടർന്ന് ചിലയിടങ്ങളിൽ അധികൃതരും ജനങ്ങളും തമ്മിൽ വക്കേറ്റമുണ്ടായി.
വിതരണം 110,000 പേർക്ക്
ജനുവരി 16 മുതൽ ജില്ലയിൽ 110,000 ൽപരം ആളുകൾക്ക് വാക്സിൻ വിതരണം ചെയ്തതായി ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.വാക്സിൻ എത്തിയാൽ ജില്ലയിലെ കേന്ദ്രങ്ങളിൽ ഉടൻ എത്തിക്കാനുള്ള കാര്യങ്ങൾ ഏർപ്പെടുത്തിയിട്ടുമുണ്ടെന്ന് വകുപ്പ് അധികൃതർ പറഞ്ഞു.
"വാക്സിൻ ഇന്ന് എത്തുമെന്ന് കരുതുന്നു. എല്ലായിടത്തും ഉള്ളത് പോലുള്ള ക്ഷാമമാണ് ജില്ലയിലുമുള്ളത്" ഡോ. എൻ. പ്രിയ,
ജില്ലാ മെഡിക്കൽ ഓഫീസർ.