കാഞ്ഞാർ: മോഷണം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതികളായ നാല്പേരെ കാഞ്ഞാർ പൊലീസ് പടികൂടി.കുളമാവ് പോത്തുമറ്റം ചെറുകരപ്പറമ്പിൽ ബെല്ലാരി രാജൻ (38) കോതമംഗലം നെല്ലിക്കുഴി പാറയിൽ അൻസിൽ (28) എറണാകുളം മംഗലത്ത് നാട് വാരിക്കാട്ടിൽ പങ്കൻ ഷിജു (38) കോതമംഗലം മലയിൻകീഴ് വേലന്മാവ് കുടിയിൽ ശ്യാമോൻ (33) എന്നിവരെയാണ് വെള്ളിയാഴ്‌ച്ച രാത്രി 1.45 ന് പട്രോളിങ്ങിനിടെ പിടികൂടിയത്. പട്രോളിങ്ങിനിടെ അറക്കുളം കാവുംപടിയിൽ വെച്ച് സംശയകരമായി കണ്ടെത്തിയ കാർ തടഞ്ഞ് നിർത്തി ചോദ്യം ചെയ്തപ്പോൾ പേര് മാറ്റി പറയുകയും പരസ്പര വിരുദ്ധമായി സംസാരിക്കുകയും ചെയ്തു.ഇതേ തുടർന്നാണ് കസ്റ്റഡിയിൽ എടുത്തത്. 12 ഇഞ്ച് നീളമുള്ള കത്തിയും ഇവരിൽ നിന്ന് കണ്ടെടുത്തു.പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.ഒന്നാം പ്രതി ബല്ലാരി രാജൻ രണ്ടാഴ്ച മുമ്പ് മൂലമറ്റം കെ.എസ്.ഇ.ബി കോളനിയിൽ നിന്ന് ടെലഫോൺ കേബിൾ മോഷ്ടിച്ച കേസിൽ പ്രതിയാണ്.കുളമാവ് പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകളിലും പ്രതിയാണ് ഇയാൾ. മറ്റുള്ളവർ കുന്നത്തുനാട് കുറുപ്പും പടി, കാലടി,കോതമംഗലം,ചങ്ങനാശേരി എന്നിവിടങ്ങളിലായും നിരവധി കേസുകളിൽ പ്രതിയാണ്.ഇവർ പുതിയ മോഷണം നടത്താനുള്ള ശ്രമത്തിലായിരുന്നു എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.എസ്.ഐ.കെ.പി. ഇസ്മായിൽ,സിവിൽ പൊലീസ് ഓഫീസർ ജോയി,ഡ്രൈവർ മുജീബ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.