തൊടുപുഴ: എംപ്ലോയീസ് ആന്റ് പെൻഷനേഴ്സ് സോഷ്യൽ വെൽഫെയയർ സഹകരണ സംഘത്തിന്റെ നവീകരിച്ച ആഫീസിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് മുൻ മന്ത്രി പി.ജെ. ജോസഫ് നിർവഹിക്കും. പാലാ റോഡിൽ പുളിമൂട്ടിൽ പയനീയർ ബിൽഡിംഗിലേക്കാണ് ആഫീസ് മാറ്റി പ്രവർത്തനം ആരംഭിക്കുന്നതെന്ന് സംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർവീസിൽ ഇരിക്കുന്നവരെന്നോ വിരമിച്ചവരെന്നോ വ്യത്യാസമില്ലാതെ മുഴുവൻ അംഗങ്ങളുടെയും സാമൂഹ്യക്ഷേമത്തിനാവശ്യമായ വായ്പകൾ നൽകുക, അംഗങ്ങളുടെ സാമ്പത്തിക അഭിവൃദ്ധിക്കായി മ്യൂച്ചൽ ഡെപ്പോസിറ്റ് സ്കീം നടത്തുക, സംഘാംഗങ്ങൾക്ക് ധനസഹായം നൽകുക, നിക്ഷേപങ്ങൾ സമാഹരിക്കുക, ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പിഗ്മി നിക്ഷേപം സ്വീകരിക്കുക എന്നിവയെല്ലാം സംഘം ചെയ്യുന്നുണ്ട്. ഉദ്ഘാടനചടങ്ങിൽ സംഘം പ്രസിഡന്റ് കെ.എസ്. ഷാജി അദ്ധ്യക്ഷത വഹിക്കും. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം ഇന്ദു സുധാകരൻ, തൊടുപുഴ അസി. രജിസ്ട്രാർ (ജനറൽ) എം.ജെ. സ്റ്റാൻലി, തൊടുപുഴ അസി. ഡയറക്ടർ (ആഡിറ്റ്) റോസമ്മ ജേക്കബ്, തൊടുപുഴ ടൗൺ എസ്.സി.ബി പ്രസിഡന്റ് കെ. ദീപക്, തൊടുപുഴ എസ്.സി.ബി പ്രസിഡന്റ് കെ.എം. ബാബു എന്നിവർ സംസാരിക്കും. സംഘം വൈസ് പ്രസിഡന്റ് എം.പി. സത്യൻ സ്വാഗതവും ഡയറക്ടർ കെ.കെ. ജോസഫ് നന്ദിയും പറയും. വാർത്താസമ്മേളനത്തിൽ സംഘം പ്രസിഡന്റ് കെ.എസ്. ഷാജി, വൈസ് പ്രസിഡന്റ് എം.പി. സത്യൻ, ഡയറക്ടർ കെ.കെ. ജോസഫ്, സെക്രട്ടറി എസ്.അരവിന്ദ് കൃഷ്ണൻ. എന്നിവർ പങ്കെടുത്തു.