ചെറുതോണി: ചെറുതോണിയിൽ പണിയുന്ന പാലത്തിന്റെ പുതിയ പ്ലാൻ ജില്ലാ കളക്ടർ എച്ച്. ദിനേശന്റെ അധ്യക്ഷതയിൽ കളകട്രേറ്റിൽ കൂടിയ കർവ്വകക്ഷിയോഗത്തിൽ അംഗീകരിച്ചു. നിലവിലെ പ്ലാനനുസരിച്ച് ട്രാഫിക് ജംഗ്ഷനിൽ സീറോ പോയിന്റായി കണക്കാക്കി പാലത്തിന്റെ നിർമ്മാണമാരംഭിക്കും. ഇതോടെ അടിമാലിയിൽ നിന്നും തൊടുപുഴയിൽ നിന്നും വരുന്ന വാഹനങ്ങൾ തടസ്സമില്ലാതെ കടന്നുപോകാൻ കഴിയും. പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയായാലും പഴയപാലം നിലനിർത്തും. ഈ പാലത്തിലേക്കും കടക്കുന്നതിനും അടിമാലി റോഡിനും തൊടുപുഴ റോഡിനും അപ്രോച്ച് റോഡുകൾ നിർമ്മിക്കും ചെറുതോണി മുസ്ലീം പള്ളിയിലേക്കും ഗാന്ധിനഗർകോളനിയിലുള്ളവർക്കും പഴയപാലം ഉപയോഗിക്കാൻ പറ്റുന്ന വിധത്തിലാണ് പുതിയപ്ലാൻ. നിലവിൽ പാലം ആരംഭിക്കുന്ന ഭാഗം മുതൽ പെരിയാർ കഴിച്ചുള്ള ഭാഗം ഭിത്തികെട്ടി തിരിക്കും. പുതിയപ്ലാനിലൂടെ നിർമ്മാണം നടത്തുന്നതുമൂലം കടകൾക്ക് തടസ്സമുണ്ടാകില്ല. യോഗത്തിൽ ഡീൻകുര്യാക്കോസ് എം.പി, സി.വി വർഗീസ്, ജോസ് കുഴികണ്ടം, സാജൻ കുന്നേൽ, സജി തടത്തിൽ, എക്‌സിക്യുട്ടീവ് എൻജിനീയർ ദീപ, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ റെക്‌സ് തുടങ്ങിയവർ പങ്കെടുത്തു.