 പോസിറ്റിവിറ്റി നിരക്ക്- 20.09%

ഇടുക്കി: രണ്ടാം തരംഗത്തിൽ സകല പരിധികളും മറികടന്ന് കൊവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്തിനൊപ്പം ജില്ലയിലും കുതിച്ചുയരുന്നു. ജില്ലയിലെ പ്രതിദിന കൊവിഡ് രോഗ ബാധിതരിൽ ഏറ്റവും ഉയർന്ന കണക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്- 645.പോസിറ്റിവിറ്റി നിരക്ക് 20.09 ശതമാനമാണ് . കഴിഞ്ഞ 24 മണിക്കൂറിനിടെ 3058 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് വന്നത്. സിബി നാറ്റ്- 1, ട്രൂനാറ്റ്- 3, ആർ.ടി.പി.സി.ആർ- 1321, ആന്റിജൻ- 4801 എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 6128 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 617 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ആറ് പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ 17 പേർക്കും വിദേശത്തു നിന്നെത്തിയ മൂന്നു പേർക്കും രണ്ടു പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 117 പേർ രോഗമുക്തി നേടി.

തൊടുപുഴയിൽ വൻവർദ്ധന

കൊവിഡ് രോഗികളുടെ എണ്ണത്തിൽ തൊടുപുഴ മേഖലയിൽ ആശങ്കജനകമാംവിധം വൻവർദ്ധനയാണുണ്ടായത്. തൊടുപുഴ നഗരത്തിൽ മാത്രം ഇന്നലെ 74 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമീപ പഞ്ചായത്തുകളായ ഇടവെട്ടി- 21, മണക്കാട്- 20, വണ്ണപ്പുറം- 21 എന്നിങ്ങനെ രോഗികളുടെ എണ്ണം കൂടുകയാണ്. ഹൈറേഞ്ച് മേഖലയിൽ വണ്ടിപ്പെരിയാർ- 40, നെടുങ്കണ്ടം- 34, കട്ടപ്പന 24, പെരുവന്താനം- 24, പാമ്പാടുംപാറ- 22, കൊന്നത്തടി- 20 എന്നിങ്ങനെയും രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്.