തൊടുപുഴ: ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളിൽ യാത ചെയ്യുന്നതിനെതിരെ ശക്തമായ നടപടികളുമായി മോട്ടോർ വാഹനവകുപ്പ്. ഹെൽമറ്റിന്റെ അഭാവം മൂലമുള്ള അപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇരുചക്രവാഹനം ഓടിക്കുന്നയാളോ പിറകിലിരിക്കുന്ന ആളോ ഹെൽമെറ്റ് ധരിക്കാത്ത പക്ഷം മോട്ടോർ വാഹന നിയമ പ്രകാരം പിഴയ്ക്കു പുറമേ വാഹനം ഓടിച്ചയാളുടെ ലൈസൻസ് റദ്ദാക്കലുൾപ്പടെയുള്ള കർശനമായ നടപടികൾ വരും ദിവസങ്ങളിൽ ശക്തമായി നടപ്പാക്കുമെന്ന് ഇടുക്കി എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ അറിയിച്ചു. രജിസ്‌ട്രേഷൻ നമ്പരുകൾ നിയമാനുസൃതമായി പ്രദർശിപ്പിക്കാത്ത വാഹനങ്ങൾക്കെതിരെയും നടപടികളുണ്ടാകും. സ്‌കൂൾ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കുട്ടി ഡ്രൈവർമാരും നഗരത്തിലൂടെ ചീറിപ്പായുന്ന ഇരുചക്രവാഹനങ്ങളും വകുപ്പിന്റെ നിരീക്ഷണത്തിലാണ്. പുകപരിശോധന സർട്ടിഫിക്കറ്റ്, ലൈസൻസ് എന്നിവയില്ലാതെയും അമിതവേഗതയിലും അപകടകരമായ രീതിയിലുമായി വാഹനം ഓടിക്കുന്നതും ട്രാഫിക് സിഗ്‌നലുകൾ അനുസരിക്കാതിരിക്കുന്നതും കർശന നടപടികൾ സ്വീകരിക്കുമെന്ന് ആർ.ടി.ഒ അറിയിച്ചു.