തൊടുപുഴ: കൊവിഡ് വ്യാപനം വർദ്ധിക്കുന്നതിനിടെ ജില്ലയിൽ വാക്‌സിൻ തിങ്കളാഴ്ച തീരും. ഇന്നലെ 5,000 പേർക്കുള്ള കൊവിഷീൽഡ് വാക്സിനെത്തി. ഈ വാക്‌സിനും നിലവിൽ സ്റ്റോക്കുള്ള 1100 ഡോസ് കൊവാക്സിനും ചേർത്താലും തിങ്കളാഴ്ച ഒരു ദിവസം നൽകാൻ മാത്രമേ തികയൂ. വീണ്ടും വാക്‌സിൻ എത്തിയില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് വാക്സിനേഷൻ ക്യാമ്പുകൾ നിറുത്തിവയ്ക്കേണ്ടിവരും. ഇടുക്കിയിൽ പ്രതിദിനം ശരാശരി 5000 മുതൽ 6000 ഡോസ് വാക്സിനാണ് വേണ്ടത്. ജില്ലയിൽ ഇതുവരെ 1,50,342 ഒന്നാം ഡോസും 20,587 രണ്ടാം ഡോസും ഉൾപ്പെടെ 1,70,929 ഡോസ് വാക്‌സിനേഷനാണ് നടത്തിയത്. ആദ്യഘട്ടത്തിൽ കോവിഡീൽഡ് വാക്‌സിൻ സ്വീകരിച്ചവരിൽ ഭൂരിഭാഗത്തിനും രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ട സമയമായി. ആദ്യഡോസ് സ്വീകരിച്ച് ആറ്- എട്ട് ആഴ്ചക്കുള്ളിലാണ് രണ്ടാം ഡോസ് നൽകേണ്ടത്. അടുത്തയാഴ്ച തന്നെ വാക്സിനെത്തിയില്ലെങ്കിൽ സ്ഥിതി രൂക്ഷമാകും. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നതോടൊപ്പം വാക്‌സിന് ക്ഷാമമുണ്ടെന്ന വാർത്ത കൂടി വരുന്നതോടെ ജനം ആശങ്കയിലാണ്.

വ്യാക്സിനെടുക്കാനെത്തിയവരെ തിരിച്ചയച്ചു

ക്ഷാമം രൂക്ഷമായതോടെ ഇന്നലെ ഉച്ചയോടെ ക്യാമ്പുകളിൽ വാക്സിൻ എടുക്കാനെത്തിയവരെ തിരിച്ചയച്ചു. രണ്ടാമത്തെ ഡോസ് സ്വീകരിക്കാനെത്തിയവരെയാണ് കൂടുതലും തിരിച്ചയച്ചത്. തൊടുപുഴ ജില്ലാ ആശുപത്രിയിൽ രണ്ടാം ഡോസ് കോവിഷീൽഡ് വാക്‌സിൻ സ്വീകരിക്കാൻ ഇന്നലെ എത്തിയവരെ പിന്നീട് വരാൻ അഭ്യർത്ഥിച്ച് ആരോഗ്യവകുപ്പ് അധികൃതർ മടക്കി. 11 കേന്ദ്രങ്ങളിൽ മാത്രമാണ് ഇന്നലെ വാക്‌സിനേഷൻ ഉണ്ടായിരുന്നത്. നേരത്തെ 40ലേറെ കേന്ദ്രങ്ങളിൽ വരെ വാക്സിൻ നൽകിയിരുന്നത് ക്ഷാമത്തെ തുടർന്നാണ് 11 ആക്കി ചുരുക്കിയത്. ഇതോടൊപ്പം ഇത്രയും നാൾ വാക്‌സിൻ സ്വീകരിക്കുന്നതിന് വിമുഖരായിരുന്നവർ പോലും കൂട്ടത്തോടെ ആരോഗ്യകേന്ദ്രങ്ങളിലേക്ക് എത്തിയതോടെയാണ് തിരക്ക് കൂടി.