കുമളി: എംഎസ് സി ആക്ചുറിയൽ സയൻസിൽ ഒന്നാംറാങ്ക് നേടിയ കുമളി സ്വദേശി ആനി സ്റ്റീഫനെ കുമളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. കുമളി കുരിശുങ്കൽ സ്റ്റീഫൻ സേവ്യർ സാലി ദമ്പതികളുടെ മകളാണ് ആനി. മൂലമറ്റം സെന്റ് ജോസഫ് കോളജ് വിദ്യാർഥിനിയാണ്. കുമളി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. സിദിഖ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ മെമന്റോ നൽകി ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൺസി മാത്യു, പഞ്ചായത്ത് സെക്രട്ടറി സെൻകുമാർ, വി.കെ. ബാബുകുട്ടി, റോബിൻ കാരയ്ക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.

പേവിഷബാധയേറ്റ് പശു ചത്തു

കട്ടപ്പന: പേ വിഷബാധയേറ്റ് പശു ചത്തു. കുന്തളംപാറ കൊല്ലപ്പിള്ളിൽ ദിവാകരന്റെ പശുകിടാവാണ് ചത്തത്. ഈ മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പേവിഷ ബാധയേറ്റാണ് കിടാരി ചത്തതെന്ന് കണ്ടെത്തിയത്. ഏതാനും ദിവസങ്ങളായി പേവിഷ ബാധയുടെ ലക്ഷണങ്ങൾ പ്രകടമായിരുന്നു. ഇന്നലെ പുലർച്ചയോടെ പശുക്കിടാവ് ചത്തു.
മാസങ്ങൾക്കുമുൻപ് മേയാൻ വിട്ടിരുന്ന പശുവിനെ തിരികെയെത്തിച്ചപ്പോൾ മുഖത്ത് മുറിവ് കണ്ടിരുന്നതായി ദിവാകരൻ പറഞ്ഞു. ഒരുവർഷം മുൻപ് സമാന രീതിയിൽ ഇദ്ദേഹത്തിന്റെ കറവപ്പശു ചത്തിരുന്നു. അന്ന് നഷ്ടപരിഹാരമാവശ്യപ്പെട്ട് മൃഗസംരക്ഷണ വകുപ്പിലും നഗരസഭയിലും അപേക്ഷ സമർപ്പിച്ചെങ്കിലും തുകയൊന്നും ലഭിച്ചില്ല.