തൊടുപുഴ: തുടർച്ചയായ രണ്ടാം ദിനവും പ്രതിദിന കൊവിഡ് രോഗ ബാധിതരിൽ ഏറ്റവും ഉയർന്ന കണക്കാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 682 പേർക്കാണ് ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 13.99 ആണ് പോസിറ്റിവിറ്റി നിരക്ക്. 656 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 16 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ എട്ടു പേർക്കും രണ്ടു ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 70 പേർ രോഗമുക്തി നേടി.
ആശങ്കപ്പെടുത്തി തൊടുപുഴയും കാഞ്ചിയാറും
തൊടുപുഴയിലും കാഞ്ചിയാറിലും കൊവിഡ് രോഗികളുടെ കണക്ക് ഉയർന്ന് തന്നെ. തൊടുപുഴ നഗരത്തിൽ മാത്രം ഇന്നലെ 74 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സമീപ പഞ്ചായത്തുകളായ വെള്ളിയാമറ്റം- 21, കുമാരമംഗലം- 19, വണ്ണപ്പുറം- 30, കരിമണ്ണൂർ- 23 എന്നിവിടങ്ങളിലും രോഗികൾ കുതിച്ചുയരുകയാണ്. ഹൈറേഞ്ചിലെ കാഞ്ചിയാറിൽ 41 പേർക്കും സമീപ പഞ്ചായത്തായ ഉപ്പുതറയിൽ 40 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. അടിമാലി- 24, നെടുങ്കണ്ടം- 22, പെരുവന്താനം- 23, വണ്ടിപ്പെരിയാർ- 25 എന്നിങ്ങനെയും രോഗികളുടെ എണ്ണം ഉയരുകയാണ്.