മറയൂർ: തിരുവനന്തപുരത്ത് നിന്ന് കാന്തല്ലൂരിലേക്ക് പുതിയ കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു. തിരുവനന്തപുരത്തു നിന്ന് രാവിലെ എട്ടിനു പുറപ്പെടുന്ന ബസ് രാത്രി എട്ടിന് കാന്തല്ലൂരിൽ എത്തും. പിറ്റേദിവസം രാവിലെ എട്ടിന് കാന്തല്ലൂരിൽ നിന്ന് പുറപ്പെടുന്ന ബസ് രാത്രി എട്ടിനു തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, കൂത്താട്ടുകുളം, മുവാറ്റുപുഴ, കോതമംഗലം, നേര്യമംഗലം, അടിമാലി, കല്ലാർ, മൂന്നാർ, ഇരവികുളം നാഷണൽ പാർക്ക്, ലക്കം, മറയൂർ, കോവിൽകടവ് വഴിയാണ് കാന്തല്ലൂരിലെത്തുന്നത്. കാന്തല്ലൂരിലേക്ക് ബസ് അനുവദിച്ചെങ്കിലും ഇവിടെ ജീവനക്കാർക്കുള്ള താമസസൗകര്യം ലഭ്യമല്ലാതിരുന്നതിനാൽ സർവീസ് തുടങ്ങുന്നതിൽ കാലതാമസം നേരിട്ടു. കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. മോഹൻദാസ് പെരുമല ഗ്രാമക്കാരുമായി കൂടിയാലോചിച്ച് കമ്യൂണിറ്റി ഹാളിൽ താമസ സൗകര്യം ഒരുക്കിയതിനെ തുടർന്നാണ് സർവീസ് ആരംഭിച്ചത്. ഇതുപോലെ കോട്ടയം- കാന്തല്ലൂർ സർവീസ് നടത്തുന്ന ബസ് ജീവനക്കാർക്കും ഇവിടെ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്.