കുമളി: രാവിലെ കെ.എസ്.ആർ.ടി.സി ബസിൽ കയറിയിരുന്നാൽ മതി, വൈകിട്ടാകുമ്പോഴേക്കും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം കണ്ട് മടങ്ങാം. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് കെ.എസ്.ആർ.ടി.സി വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള സർവീസെന്ന പുതിയ ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. കുമളി ഡിപ്പോയിൽ നിന്ന് രാവിലെ എട്ടിന് സർവീസ് ആരംഭിച്ച് പരുന്തുംപാറ, വാഗമൺ, അയ്യപ്പൻകോവിൽ തൂക്കുപാലം, അഞ്ചുരുളി വെള്ളച്ചാട്ടം, രാമക്കൽമേട്, ചെല്ലാർകോവിൽമെട്ട് എന്നിവിടങ്ങളിലെ സന്ദർശനത്തിനുശേഷം വൈകിട്ട് 6.30ന് കുമളിയിൽ അവസാനിക്കുന്ന നിലയിലാണ് ഷെഡ്യൂൾ ആരംഭിക്കുന്നത്. പരുന്തുംപാറ, വാഗമൺ, രാമക്കൽമേട്, ചെല്ലാർകോവിൽ എന്നിവിടങ്ങളിൽ ഒരുമണിക്കൂർ വീതവും അയ്യപ്പൻകോവിൽ, അഞ്ചുരുളി എന്നീ കേന്ദ്രങ്ങളിൽ അരമണിക്കൂർ വീതവും സമയം ചെലവഴിക്കാൻ കഴിയുന്ന തരത്തിലാണ് ഷെഡ്യൂൾ തയ്യാറാക്കിയിട്ടുള്ളത്. ഈ സമയങ്ങളിൽ ബസിൽ എത്തുന്ന സഞ്ചാരികൾക്ക് ഈ പ്രദേശങ്ങൾ ചുറ്റി സഞ്ചരിക്കുന്നതിനുള്ള അവസരമുണ്ടാവും. കെ.എസ്.ആർ.ടി.സിയെ രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുത്തൻ പദ്ധതിയുമായി മാനേജ്‌മെന്റ് രംഗത്ത് വന്നിട്ടുള്ളത്. കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ ടൂറിസ്റ്റ് കേന്ദ്രങ്ങളെ സജീവമാക്കുക എന്നതും നൂതന ആശയത്തിലൂടെ ലക്ഷ്യമിടുന്നു. ആദ്യ സർവീസിന്റെ പ്രവർത്തനം പരിശോധിച്ച് കൂടുതൽ സർവീസ് ആരംഭിക്കുന്നതിനുള്ള ലക്ഷ്യവും മാനേജ്‌മെന്റിനുണ്ട്. ജില്ലയിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു മാസം മുമ്പ് തൊടുപുഴയിൽ കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് മെമ്പർ സി.വി. വർഗീസ് വിളിച്ചുചേർത്ത ജില്ലാതല മീറ്റിംഗിലാണ് പുതിയ സർവീസ് ആരംഭിക്കുന്നതിനുള്ള തീരുമാനമെടുത്തത്.