കുളമാവ്: 10 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ആദിവാസി യുവാവിന്റെ കരൾ ദാനം ചെയ്യാൻ ഏജന്റുമാർ പ്രലോഭിപ്പിക്കുന്നതായി ബന്ധുവിന്റെ പരാതി. വലിയമാവ് സ്വദേശി ചേലപ്ലാക്കൽ രൂപേഷാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. രൂപേഷിന്റെ ഏക സഹോദരന്റെ കരൾ ദാനം ചെയ്യാനുള്ള ശ്രമം നടക്കുന്നുവെന്നാണ് തൊടുപുഴ ഡിവൈ.എസ്.പിക്ക് നൽകിയ പരാതി നൽകിയിരിക്കുന്നത്. ഇതിനായി ഏജന്റുമാർ വഴി പത്തുലക്ഷം രൂപാ വാഗ്ദാനം നൽകി കച്ചവടം ഉറപ്പിച്ചതായി അറിയാൻ കഴിഞ്ഞതായും പരാതിയിൽ പറയുന്നുണ്ട്. 10-ാം ക്ലാസ് വിദ്യാഭ്യാസമുള്ള സഹോദരൻ സ്വന്തമായുള്ള സ്ഥലത്ത് കൃഷിചെയ്തും കൂലിപ്പണിയെടുത്തുമാണ് ജീവിക്കുന്നത്. മാതാപിതാക്കൾ നേരത്തെ മരിച്ചു പോയതിനാൽ പിതാവിന്റെ സഹോദരനും ഭാര്യയ്ക്കുമൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്. കരൾ ദാനം ചെയ്യിക്കാനുള്ള നീക്കത്തോട് ഞാൻ ഉൾപ്പെടെയുള്ള ബന്ധുക്കളിൽ ഭൂരിപക്ഷത്തിനും താത്പര്യമില്ലെന്നും അതിനാൽ കരൾ വിൽക്കുന്നതിനുള്ള നീക്കം തടയണമെന്നും പരാതിയിൽ പറയുന്നു. കരൾ ദാനം ചെയ്തതിനുശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങളും ഇതുസംബന്ധിച്ചുള്ള തുടർചികിത്സയും നടത്താൻ കുടുംബത്തിന് കഴിയില്ല. ഇതിനു പിന്നിൽ വലിയൊരു സംഘം പ്രവർത്തിക്കുന്നതായി രൂപേഷ് ആരോപിക്കുന്നു. നിലവിൽ സഹോദരൻ ഏജന്റിനും ബന്ധുവിനുമൊപ്പം എറണാകുളത്തിന് പോയിരിക്കുകയാണ്. ഇത് അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പരിശോധനകൾക്കാണെന്നാണ് തന്റെ വിശ്വാസമെന്നും അതിനാലാണ് ഉടൻ ഡിവൈ.എസ്.പിക്ക് പരാതി നൽകിയതെന്നും രൂപേഷ് പറയുന്നു. അതേസമയം രൂപേഷിന്റെ സഹോദരൻ സ്വമനസാലെയാണ് കരൾ നൽകുന്നതെന്നും ഇതിൽ പണമിടപാട് ഇല്ലെന്നുമാണ് അന്വേഷണത്തിൽ ബോദ്ധ്യമായതെന്ന് തൊടുപുഴ ഡിവൈ.എസ്.പി ടി. രാജപ്പൻ പറഞ്ഞു. ഇവരുടെ പിതാവ് നേരത്തെ ജോലിക്ക് നിന്ന വീട്ടിലുള്ള രോഗിക്കാണ് കരൾ ദാനം ചെയ്യുന്നത്. വേണ്ടി വന്നാൽ രൂപേഷിന്റെ സഹോദരനെ വിളിച്ചുവരുത്തി കൂടുതൽ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.