തൊടുപുഴ: അങ്കണവാടികൾ വഴിയുള്ള സേവനം കൂടുതൽ മെച്ചപ്പെടുത്താൻ അഞ്ച് കുട്ടികളിൽ താഴെയുള്ള അങ്കണവാടികൾ തൊട്ടടുത്തുള്ളവയുമായി സംയോജിപ്പിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ എല്ലാ ജില്ലകളിലും ഓരോ അങ്കണവാടികളാണ് ആദ്യഘട്ടത്തിൽ സംയോജിപ്പിക്കുന്നത്.
വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിയോട് ചേർന്ന് ഷിഫ്ട് അടിസ്ഥാനത്തിലാകും പിന്നീട് പ്രവർത്തനം. ഇപ്പോൾ രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെയാണ് ക്ലാസ്. സംയോജിപ്പിച്ച് ഒന്നാകുന്ന അങ്കണവാടികൾ രാവിലെ 7.30ന് തുറക്കും. ജില്ലയിൽ അത്തരത്തിൽ എത്ര അങ്കണവാടികൾ സംയോജിപ്പിക്കേണ്ടി വരുമെന്ന് പരിശോധിച്ച് വരികയാണ്. അഞ്ച് കുട്ടികളിൽ താഴെയുള്ല നിരവധി അങ്കണവാടികൾ ജില്ലയിലുണ്ട്. കൊവിഡിനെ തുടർന്ന് നിലവിൽ ഒരു വർഷത്തിലേറെയായി അങ്കണവാടികൾ പ്രവർത്തിക്കുന്നില്ല.
തൊഴിൽ നഷ്ടപ്പെടില്ല
സംയോജിപ്പിക്കുമ്പോൾ ഹെൽപ്പർ അടക്കമുള്ള ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകില്ല. ഷിഫ്ട് അടിസ്ഥാനത്തിൽ ഇവരുടെ ജോലി ക്രമീകരിക്കും. കുട്ടികൾക്കും മറ്റ് ഗുണഭോക്താക്കൾക്കും എത്താനുള്ള സൗകര്യം സംയോജിപ്പിക്കുന്നതിന്റെ പ്രധാന മാനദണ്ഡമാണ്.
നേട്ടം
1. രണ്ട് അങ്കണവാടികൾക്ക് ലഭിക്കുന്ന ഫണ്ട് ഒരിടത്ത് ചെലവഴിക്കാം
2. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടും
3. രാവിലെ തുറക്കുന്നത് ജോലിക്കാരായ രക്ഷകർത്താക്കൾക്ക് പ്രയോജനം
''അഞ്ച് കുട്ടികളിൽ താഴെയുള്ള അങ്കണവാടികളുടെ കണക്കെടുത്ത് വരികയാണ്. നിലവിൽ അങ്കണവാടികൾ പ്രവർത്തിക്കുന്നില്ലാത്തതിനാൽ ഓരോ അങ്കണവാടിയിൽ നിന്നും വീടുകളിൽ ഭക്ഷ്യധാന്യം നൽകുന്നതിന്റെ കണക്കെടുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. യാഥാർത്ഥ്യമായാൽ സേവനം കൂടുതൽ മെച്ചപ്പെടാൻ ഇത് സഹായകരമാകും.
-റെയ്ച്ചൽ ഡേവിഡ്,
ജില്ലാ ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ