തൊടുപുഴ: സംസ്ഥാനത്തിനൊപ്പം ജില്ലയിലും കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുമ്പോൾ പ്രതിരോധിക്കേണ്ട വാക്സിനേഷൻ നാളെ മുതൽ ജില്ലയിൽ മുടങ്ങിയേക്കും. നിലവിലുള്ള വാക്സിൻ ഇന്ന് തീരും. ഇന്നലെയെത്തിയ 5000 ഡോസ് വാക്‌സിൻ കൂടി വിവിധ വാക്‌സിനേഷൻ കേന്ദ്രങ്ങൾക്ക് വിതരണം ചെയ്തു. ഇത് ഉപയോഗിച്ച് ഇന്ന് 20 സർക്കാർ കേന്ദ്രങ്ങളിലും 16 സ്വകാര്യ കേന്ദ്രങ്ങളിലും വാക്‌സിനേഷൻ നടത്താനാണ് തീരുമാനം. സ്വകാര്യമേഖലയിൽ ഒരു കേന്ദ്രത്തിൽ ശരാശരി നൂറ് ഡോസ് എന്നതോതിലാകും നൽകുക. ഇതോടെ ജില്ലയിലെ വാക്‌സിൻ സ്റ്റോക്ക് പൂർണമായി തീരും. കൂടുതൽ വാക്‌സിൻ
എത്തിയില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ വാക്സിനേഷൻ മുടങ്ങും.
ചൊവ്വാഴ്ച കൂടുതൽ വാക്‌സിൻ എത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നുണ്ടെങ്കിലും ഉറപ്പില്ല. പ്രതിദിനം ശരാശരി എണ്ണായിരം ഡോസ് ജില്ലയ്ക്ക് ആവശ്യമുണ്ട്.

ആവശ്യം രണ്ട് ലക്ഷത്തോളം
ജില്ലയിൽ 45 വയസ്സിന് മുകളിലുള്ളവരുടെ ജനസംഖ്യ 3,11,000 ആണ്. ഇതിൽ ഒന്നേകാൽ ലഷത്തോളം പേർക്ക്
വാക്‌സിൻ നൽകി. ബാക്കിയുള്ളവർക്ക് നൽകാൻ രണ്ട് ലക്ഷത്തോളം ഡോസ് കൂടി വേണം. മേയ് മാസത്തിൽ 35 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിനേഷൻ തുടങ്ങുന്നതോടെ കൂടുതൽ വാക്‌സിൻ വേണ്ടിവരും.