തൊടുപുഴ: നഗരസഭയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന കൊവിഡ് പരിശോധന ക്യാമ്പിൽ 29 പേർക്ക് രോഗം സ്ഥിരീകരിച്ചു. 290 പേരെ പരിശോധന നടത്തിയതിലാണ് 29 പേർക്ക് രോഗം സ്ഥിരീകരിച്ചത്. എട്ടു പേർ നഗരസഭ പരിധിയിലും 21 പേർ വിവിധ പഞ്ചായത്ത് പരിധികളിലും ഉൾപ്പെട്ടവരാണ്. മൂന്നു ദിവസങ്ങളിലായി നടത്തിയ പരിശോധന ക്യാമ്പിൽ 50 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൊടുപുഴ നഗരസഭ പരിധിയിലും സമീപ പഞ്ചായത്തുകളിലും കൊവിഡ് വ്യാപനം അതിരൂക്ഷമാണ്. ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകുമ്പോഴും രോഗവ്യാപാനം നിയന്ത്രണാധീതമാകുന്നത് കടുത്ത ആശങ്കയാണ് ഉയർത്തുന്നത്. നഗരസഭ പരിധിയിൽ രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണമേർപ്പെടുത്തുന്നതിന് നാളെ ചേരുന്ന കൗൺസിൽ യോഗത്തിനു ശേഷം തീരുമാനമെടുക്കുമെന്ന് ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിലും മറ്റും കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.