തൊടുപുഴ: ദിവസേന അനേകം ബസുകൾ കയറിയിറങ്ങി പോകുന്ന നിരവധിപേരെത്തുന്ന മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് തകർന്ന് കുണ്ടും കുഴിയുമായ നിലയിലാണ്. ചെറിയ മഴ പെയ്താൽപോലും ബസ് സ്റ്റാൻഡിലെ കുഴികൾ മുഴുവൻ വെള്ളക്കെട്ടാകും. കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയിലും സ്റ്റാൻഡ് വെള്ളക്കെട്ടായി മാറിയിരുന്നു. ഇത് ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. തൊടുപുഴയിൽ നിന്നും മറ്റു പല ഭാഗത്തേക്കും ബസുകൾ പോകുന്ന കേന്ദ്രമായതിനാൽ ഏറെ പ്രാധാന്യം മങ്ങാട്ടുകവല സ്റ്റാൻഡിനുണ്ട്. എന്നാൽ സ്റ്റാൻഡിനോട് അധികൃതർ കടുത്ത അവഗണനയാണ് കാട്ടുന്നതെന്ന് നാട്ടുകാർ പറയുന്നു. ബസ് സ്റ്റാൻഡിനോടനുബന്ധിച്ച് കോടികൾ മുടക്കി ഷോപ്പിംഗ് കോംപ്ലക്‌സ് നിർമിച്ചെങ്കിലും സ്റ്റാൻഡ് പൂർണമായി തകർന്നുകിടക്കുകയാണ്. കരിമണ്ണൂർ, ഉടുമ്പന്നൂർ, വണ്ണപ്പുറം, തൊമ്മൻകുത്ത്, പെരിങ്ങാശേരി മേഖലകളിലേക്കും കാരിക്കോട്, കലയന്താനി, പൂമാല തുടങ്ങിയ പ്രദേശങ്ങളിലേക്കുമുള്ള ബസുകൾ തൊടുപുഴയിൽനിന്നും മങ്ങാട്ടുകവല ബസ് സ്റ്റാൻഡിലെത്തി യാത്രക്കാരെ കയറ്റിയാണ് പോകുന്നത്. ഈ പ്രദേശങ്ങളിലേക്കുള്ള നൂറുകണക്കിന് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത് ഇവിടെയാണ്. കൂടാതെ കാരിക്കോട് ജില്ലാ ആശുപത്രി, ജില്ലാ ആയുർവേദാശുപത്രി, ജില്ലാ മൃഗാശുപത്രി എന്നീ സ്ഥാപനങ്ങളിൽ എത്തുന്ന ആളുകളുടെയും പ്രധാന ആശ്രയമാണ് ഈ സ്റ്റാൻഡ്. പ്രമുഖ തീർഥാടന കേന്ദ്രമായ മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ എത്തുന്നവരും മങ്ങാട്ടുകവല വഴിയാണ് കടന്നുപോകുന്നത്. ഇത്തരത്തിൽ നൂറുകണക്കിന് ജനങ്ങൾക്ക് ആശ്രയമായ ബസ് സ്റ്റാൻഡാണ് ഇപ്പോൾ അവഗണന നേരിടുന്നത്. ബസ് സ്റ്റാൻഡ് പുനരുദ്ധാരണത്തിനായി ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന് നഗരസഭ അധികൃതർ പറയുമ്പോഴും കാലങ്ങളായി സ്റ്റാൻഡിന്റെ അവസ്ഥ ഇതേ നിലയിലാണ്.