 മോട്ടോർ വാഹനവകുപ്പ് ഹരിത ബോധവത്കരണ പദ്ധതി ആരംഭിച്ചു

തൊടുപുഴ: അന്തരീക്ഷവായു നിലവാരം ഉയർത്താൻ മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഹരിത ബോധവത്കരണ പദ്ധതി ആരംഭിച്ചു.ദേശീയ ഹരിത ട്രൈബ്യൂണൽ സംസ്ഥാനസർക്കാരിന് നൽകിയ നിർദേശപ്രകാരമാണ് ബോധവത്ക്കരണ പദ്ധതി ആരംഭിച്ചത്. വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് വാഹനങ്ങളുടെ പുക പരിശോധിക്കുകയും സന്നദ്ധസംഘടനകളുടെയും മറ്റും സഹകരണത്തോടെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് സെമിനാറടക്കമുള്ള ബോധവത്കണ പരിപാടികൾ സംഘടിപ്പിക്കുകയുമാണ് പദ്ധതി. ജില്ലയിൽ ആർ.ടി.ഒയുടെയും എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുടെയും കീഴിൽ വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇത് കൂടാതെ എല്ലാ സബ്ഓഫീസിലെ വെഹിക്കിൾ ഇൻസ്പക്ടർമാരും പരിശോധന നടത്തും. ഉയർന്നതോതിൽ അന്തരീക്ഷമലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരേ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നാണ് ട്രൈബ്യൂണൽ നിർദേശം. എന്നാൽ കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാനായിട്ടില്ല. പുകപരിശോധനാകേന്ദ്രങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റിന്റെ വിവരങ്ങൾ മോട്ടോർവാഹനവകുപ്പിനും പൊലീസിനും ഓൺലൈനിൽ ലഭിക്കും. എല്ലാ വാഹനങ്ങളിലും സർക്കാർ അംഗീകരിച്ച കേന്ദ്രങ്ങളിൽ പരിശോധിച്ച പുകസർട്ടിഫിക്കറ്റ് നിർബന്ധമായും ഉണ്ടാകണമെന്നാണ് മോട്ടോർവാഹന വകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്.

സംസ്ഥാനത്ത് വാഹന പുകപരിശോധന കൃത്യമല്ലെന്ന് നേരത്തെ തന്നെ വ്യാപക പരാതി ഉയർന്നിരുന്നു. വാഹനം പരിശോധിക്കാതെയും കൃത്രിമ പരിശോധനാഫലം രേഖപ്പെടുത്തിയും സർട്ടിഫിക്കറ്റുകൾ നൽകുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓപറേഷൻ ഹരിത ബോധവത്കരണം എന്ന പേരിൽ മോട്ടോർവാഹനവകുപ്പ് പരിശോധന ആരംഭിച്ചത്.

 2000 രൂപ പിഴ

വാഹനത്തിൽ സാധുവായ പുക പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ആദ്യ തവണ 2000 രൂപ പിഴയോ മൂന്ന് മാസം തടവ് ശിക്ഷയോ ലഭിക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. കുറ്റം ആവർത്തിച്ചാൽ 10,000 രൂപ പിഴയോ ആറ് മാസം വരെ തടവോ നൽകാമെന്നും മോട്ടോർ വാഹന നിയമത്തിൽ നിർദേശിക്കുന്നുണ്ട്. പരിശോധന ദിവസം മുതൽ ഏഴ് ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. പിഴ തുക അടച്ചില്ലെങ്കിൽ മാത്രം 2000 രൂപ ഈടാക്കും. അല്ലെങ്കിൽ 250 രൂപ അടച്ചാൽ മതി.

 പുതുക്കിയ പുകപരിശോധന തുക
ഇരുചക്ര വാഹനം............... ₹80

പെട്രോൾ കാർ.....................₹ 100

ഡീസൽ കാർ......................₹110

ഹെവി വാഹനം...................₹150

ഡീസൽ ആട്ടോറിക്ഷ.............₹90

പെട്രോൾ ആട്ടോറിക്ഷ........... ₹80

''ജില്ലയിൽ ഓപ്പറേഷൻ ഹരിത ബോധവത്കരണം ആരംഭിച്ചു. വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് പുക പരിശോധന നടത്തുകയാണ് ആദ്യഘട്ടം. കൊവിഡ് കേസുകൾ കുറഞ്ഞാൽ ബോധവത്കരണ പരിപാടികളും നടപ്പിലാക്കും."

- ആർ. രമണൻ (ആർ.ടി.ഒ)​