മുട്ടം:ജില്ലാ ജയിലിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. കൊവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടം രൂക്ഷമായതിനെത്തുടർന്നാണ് തടവുകാരെ സന്ദർശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തിയത്. അതീവ സുരക്ഷാ മേഖലകളായ ജയിലുകളുടെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. അടിയന്തിര ഘട്ടങ്ങളിൽ മാത്രമേ നിശ്ചിത എണ്ണം സന്ദർശകരെ അനുവദിക്കുകയുള്ളു.
നിലവിലുള്ള പ്രത്യേക സാമൂഹ്യ സാഹചര്യത്തിൽ തടവുകാരെ സന്ദർശിക്കുന്നത് ഒഴിവാക്കി അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും സഹകരിക്കണമെന്നും തടവുകാർക്ക് വേണ്ടിയുള്ള ടെലിഫോൺ സൗകര്യം, വീഡിയോകോൾ സൗകര്യം എന്നിവ പരമാവധി പ്രയോജനപ്പെടുത്തി തടവുകാരുമായി ആശയവിനിമയം നടത്തണമെന്നും ജയിൽ സൂപ്രണ്ട് അറിയിച്ചു.
സംസ്ഥാനനത്തെ മറ്റ് ചില ജയിലുകളിൽ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും മുട്ടം ജില്ലാ ജയിലിൽ തടവുകാർക്ക് കൊവിഡ് പോസിറ്റീവ് റിപ്പോട്ട് ചെയ്തിട്ടില്ലന്നും സൂപ്രണ്ട് അറിയിച്ചു.