തൊടുപുഴ: ജില്ലയ്ക്ക് ആശ്വാസമായി 20,000 ഡോസ് കൊവിഡ് വാക്‌സിൻ എത്തി. കൊവിഷീൽഡ് വാക്‌സിന്റെ സ്റ്റോക്കാണ് എത്തിയത്. ഇതോടെ ജില്ലയിലുണ്ടായിരുന്ന കടുത്ത വാക്സിൻ ക്ഷാമത്തിന് താത്കാലിക ശമനമായി. കഴിഞ്ഞ ദിവസം ലഭിച്ച 5,000 ഡോസ് വാക്‌സിൻ ഇന്നലെ 36 വാക്‌സിനേഷൻ കേന്ദ്രങ്ങളിലായി വിതരണം ചെയ്തു. ഇതോടെ ജില്ലയിൽ നിലവിലുണ്ടായിരുന്ന വാക്സിന്റെ സ്റ്റോക്ക് തീർന്നിരുന്നു. വാക്സിൻ തീരുമെന്നറിഞ്ഞതിനാൽ വൻ തിരക്കാണ് ഇന്നലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ അനുഭവപ്പെട്ടത്. ഓരോ സെന്ററിലും വളരെകുറച്ച് വാക്‌സിൻ മാത്രം ലഭിച്ചതിനാൽ രാവിലെ തന്നെ വാക്‌സിൻ സ്റ്റോക്ക് തീർന്നു. പ്രധാന ആശുപത്രികളിൽ ഉൾപ്പെടെ ചില കേന്ദ്രങ്ങളിൽ കോവാക്‌സിനും ഏതാനും ഡോസ് സ്റ്റോക്കുണ്ട്. ഇന്നലെ ലഭിച്ച 20,000 ഡോസ് കോവിഷീൽഡ് വാക്‌സിൻ ജില്ലയിലാകെ 36 കേന്ദ്രങ്ങളിൽ വിതരണം ചെയ്യാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. 25 സർക്കാർ ആശുപത്രികളിലും 11 സ്വകാര്യ ആശുപത്രികളിലുമാണ് വാക്‌സിനേഷൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. ജില്ലയിൽ സ്റ്റോക്കുള്ള കോവാക്‌സിനും കൂടി ഇന്ന് വാക്‌സിനേഷന് ഉപയോഗിക്കും. ലഭിച്ച വാക്‌സിൻ മൂന്നു ദിവസത്തേക്ക് ഉപയോഗിക്കാനാവുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ. ശരാശരി 8,000 ഡോസ് വാക്‌സിൻ എങ്കിലും ഉണ്ടെങ്കിൽ മാത്രമേ ജില്ലയിൽ ഒരു ദിവസം വാക്‌സിനേഷൻ നടത്താൻ കഴിയൂ.