stone
ചതുരംഗപാറയിൽ നിന്ന് കണ്ടെത്തിയ അപൂർവയിനം വീരക്കല്ല്

നെടുങ്കണ്ടം: കേരള -തമിഴ്നാട് അതിർത്തിയിൽ ചതുരംഗപ്പാറയിൽ നിന്ന് അതീവചരിത്ര പ്രാധാന്യമുള്ള വീരക്കല്ല് കണ്ടെത്തി. വിജയഭേരി മുഴക്കി നിൽക്കുന്ന ആനയുടെ മുകളിൽ ആഭരണങ്ങളണിഞ്ഞ് വില്ലും ആയുധങ്ങളുമായാണ് വീരകഥാപാത്രം ഇരിക്കുന്നത്. ഒരടിയോളം ഉയരമുള്ള കല്ലിലാണ് ഈ അപൂർവ നിർമ്മിതി. ചതുരംഗപ്പാറയിൽ കേരള- തമിഴ്‌നാടിന്റെ അതിർത്തി മലയുടെ കിഴക്കേ അറ്റത്തുള്ള ഒരു ആൽമരത്തിന് ചുവട്ടിലായിരുന്നു 15-ാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ഈ ശിൽപചാതുരി അധികമാരും ശ്രദ്ധിക്കാതെ ഇരുന്നത്. സംഘകാലഘട്ടം മുതലുള്ള വീരകഥാപാത്രങ്ങൾ ദക്ഷിണേന്ത്യയുടെ വിവിധ സ്ഥലങ്ങളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കേരളത്തിൽ നിന്ന് ആനയുടെ മുകളിലിരിക്കുന്ന രീതിയിലുള്ള ഒരു വീരകഥാപാത്രത്തെ ലഭിക്കുന്നത് ഇത് ആദ്യമായാണ്.

''നൂറ്റാണ്ടുകൾക്ക് മുമ്പേ ഇടുക്കിയുടെ മലമടക്കുകളിൽ ജനവാസം ഉണ്ടായിരുന്നതിന് ഇത് ഒരു തെളിവാണ്. വിഷയത്തിൽ കൂടുതൽ പഠനം ആവശ്യമാണ്. വരും ദിവസങ്ങളിൽ സമീപ മേഖലകളിൽ കൂടുതൽ ഗവേഷണം നടത്താനാണ് സമിതിയുടെ തീരുമാനം. "

- ഡോ. രാജീവ് പുലിയൂർ (നെടുങ്കണ്ടം പുരാവസ്തു ചരിത്ര സമിതിയംഗം)

ചതുരംഗപ്പാറ പ്രാചീന സഞ്ചാരപാത

കേരളത്തിൽ നിന്ന് മധുരയിലേക്കുള്ള പ്രാചീന സഞ്ചാര പാതയിൽ ചതുരംഗപ്പാറ ഭൂമിശാസ്ത്രപരമായി വളരെ പ്രധാനപ്പെട്ടതാണ്. രണ്ടായിരം വർഷങ്ങൾക്ക് മേൽ പഴക്കമുള പുരാതനമായ വാണിജ്യ പാത കൂടിയാണിത്.

വീരക്കല്ല് എന്ത്

പോരാട്ടത്തിൽ വീരമരണം പ്രാപിക്കുന്ന വീരന്മാരുടെ സ്മരണയ്ക്കായി നാട്ടുന്ന കല്ലുകളാണ് വീരക്കല്ലുകൾ. ഇത്തരം കല്ലുകൾ ആരാധന വസ്തുക്കളായി തീരാറുണ്ട്.

കണ്ടെടുത്ത കല്ലിന്റെ പ്രത്യേകത
1. ഉയരം ഒരടി
2. വിജയഭേരി മുഴക്കി നിൽക്കുന്ന ആനയുടെ മുകളിൽ ഇരിക്കുന്ന വിധത്തിൽ ആഭരണങ്ങൾ അണിഞ്ഞ വീരകഥാപാത്രം
3. കൈയിൽ വില്ലും ആയുധങ്ങളും
4. സമീപത്തായി മറ്റൊരു ആൾരൂപവും മൃഗരൂപവും (അവ്യക്തം)