loading
മറയൂരിൽ നിന്ന് കാട്ടുപടവലം ലോറിയിൽ കയറ്റുന്നു

മറയൂർ: ആയുർവേദ മരുന്ന് നിർമ്മാണത്തിൽ ഒഴിച്ചു കൂടാനാവാത്ത കാട്ടുപടവലത്തിന്റെ വിളവെടുപ്പ് മറയൂർ, കാന്തല്ലൂർ മേഖലയിലെ ആദിവാസി കോളനികളിൽ ആരംഭിച്ചു. കയ്പൻ പടവലം അഥവാ കാട്ടുപടവലം. മറയൂർ മലനിരകളിലെ ആദിവാസി മേഖലയിലെ ഏറ്റവും ലാഭകരമായ കൃഷികളിൽ ഒന്നായിരുന്നു. കൊവിഡ് കയ്പൻ പടവലത്തിന്റെ വിൽപ്പനയെയും ബാധിച്ചു. ഇത്തവണ ആവശ്യക്കാരായി എത്തിയിയിട്ടുള്ളത് കോട്ടക്കൽ ആര്യവൈദ്യ ശാല മാത്രമാണ്. അഞ്ചു ടൺ കാട്ടുപടവലത്തിനാണ് ആര്യവൈദ്യശാല ഓഡർ നൽകിയിരിക്കുന്നത്. കാട്ടുപടവലത്തിന്റെ വിൽപന വനം വകുപ്പിന്റെ നിയന്ത്രണത്തിൽ വനസംരക്ഷണ സമിതി മുഖേനയാണ് ഇപ്പോൾ നടക്കുന്നത്. ഇതോടെ കർഷകർക്ക് മികച്ച വില ലഭിക്കുന്നുണ്ട്. 50- 60 രൂപ വില ഉണ്ടായിരുന്ന കാട്ടുപടവലത്തിന് 120 രൂപ മുതൽ 227 രൂപ വരെ ഉയർന്ന വില ലഭിച്ചിരുന്നു. ഇപ്പോൾ കിലോഗ്രാമിന് 195 രൂപ ലഭിക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തിന് ശേഷം ആയുർവേദ മരുന്നു നിർമ്മാണം കമ്പനികളുടെ പ്രവർത്തനം ഭാഗികമായിനിലച്ചതും ഉത്പാദനം കുറഞ്ഞതും കാട്ടുപടവലത്തിന്റെ ആവശ്യക്കാരുടെ എണ്ണത്തിൽ കുറവ് വരുത്തിയിരുന്നു. കഴിഞ്ഞ വർഷം ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്ന കാലയളവിൽ കമ്പനികൾ വാങ്ങിയവ കാട്ടുപടവലം സംഭരിച്ച് സൂക്ഷിച്ചിരിക്കുകയാണ്. വനം വകുപ്പുമായി കരാറിൽ ഏർപ്പെട്ടിരുന്ന കമ്പനികൾ കഴിഞ്ഞ വർഷം തന്നെ ഇത്തവണ വാങ്ങാൻ കഴിയില്ലെന്ന് മുന്നറിയിപ്പ് നൽകി. ഇതനുസരിച്ച് മറയൂർ ഡിവിഷനിലെ ആദിവാസി കോളനികളിൽ കർഷകർക്ക് മുൻകൂട്ടി നിർദ്ദേശം നൽകിയെങ്കിലും കർഷകർ കാട്ടുപടവല കൃഷിയിൽ കുറവ് വരുത്തിയില്ല. നല്ല മഴ ലഭിച്ചതോടെ ഉത്പാദനത്തിലും വർദ്ധന ഉണ്ടായി. മറ്റ് വിളകൾ ഏത് തന്നെ കൃഷിചെയ്താലും വന്യമൃഗ ശല്യം ഉണ്ടാകാൻ സധ്യതയുണ്ട്. കാട്ടുപടവലത്തിന് കീടബാധയും വന്യമൃഗ ശല്യവും നേരിടേണ്ടി വരാത്തതിനാലാണ് മറ്റ് കൃഷിയിലേക്ക് തിരിയാത്തതെന്ന് കർഷകർ പറയുന്നു.

മികച്ച ഔഷധം

പച്ചക്കറിയായി ഉപയോഗിക്കുന്ന പടവലത്തിൽ നിന്ന് വിദൂര സാദൃശ്യം പോലും കയ്പൻ പടവലത്തിന് ഇല്ല. കോവക്കായ്ക്ക് സമാനമായ ആകൃതിയാണ് കാട്ടുപടവലങ്ങയ്ക്കുള്ളത്. വേരുൾപ്പെടെ ഇലയ്ക്കും തണ്ടിനും എല്ലാത്തിനും വില ലഭികുമെന്നതാണ് കാട്ടുപടവലത്തിന്റെ പ്രത്യേകത. നിരവധി രോഗങ്ങൾക്കുള്ള ഔഷധമായാണ് അഷ്ടാംഗ ഹൃദയത്തിൽ കയ്പൻ പടവലത്തെ കുറിച്ച് വിവരിച്ചിരിക്കുന്നത്.