കുളമാവ്: 10 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ആദിവാസി യുവാവിന്റെ കരൾ ദാനം ചെയ്യാൻ ഏജന്റുമാർ പ്രേരിപ്പിക്കുന്നെന്ന സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ന് ആർ.ഡി.ഒ ഓഫീസിൽ പരാതിക്കാരനെയും ബന്ധുക്കളെയും വിളിച്ചുവരുത്തി തെളിവെടുക്കും. വലിയമാവ് ചേലപ്ലാക്കൽ രൂപേഷാണ് തന്റെ സഹോദരന്റെ കരൾ തട്ടിയെടുക്കാൻ ചില ഏജന്റുമാരും ബന്ധുക്കളും ചേർന്ന് കരാറാക്കിയതായും കരൾ വിൽപന നടത്താനുള്ള നീക്കം തടയണമെന്നും ആവശ്യപ്പെട്ട് ജില്ല കലക്ടർ, ജില്ലാ പൊലീസ് മേധാവി, ഡി.എം.ഒ, തൊടുപുഴ ഡിവൈ.എസ്.പി എന്നിവർക്ക് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ആർ.ഡി.ഒ ഓഫീസിൽ രൂപേഷിനെയും ബന്ധുക്കളെയും വിളിച്ചുവരുത്തുന്നത്. കൂടാതെ നാളെ തൊടുപുഴ ഡിവൈ.എസ്.പി ആഫീസിൽ രൂപേഷിനെയും ബന്ധുക്കളെയും വിളിച്ചുവരുത്തി മൊഴിയെടുക്കും. രൂപേഷിന്റെ സഹോദരന്റെ കരൾ ദാനം ചെയ്യുകയാണെന്നും ഇതിന് സമ്മതം നൽകിയതിനെ കുറിച്ച് അറിയാൻ കഴിഞ്ഞ ദിവസം കുളമാവ് പൊലീസ് രൂപേഷിന്റെ അടുത്ത് എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഏജന്റും ബന്ധുക്കളിൽ ചിലരും നടത്തിവരുന്ന നീക്കം തടയണമെന്നാണ് രൂപേഷ് പറയുന്നത്. തങ്ങളുടെ മാതാപിതാക്കൾ നേരത്തെ മരിച്ച് പോയിരുന്നു. ഇത്തരത്തിൽ കരൾ വിൽപന നടത്തിയാൽ തുടർന്നുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളിൽ അവിവാഹിതനായ സഹോദരനെ നോക്കാൻ താൻ മാത്രമാണുള്ളതെന്നും രൂപേഷ് പറയുന്നു. ആറ് മാസം മുമ്പ് ഇതേ രീതിയിൽ മൂലമറ്റത്തും അവയവദാനം നടന്നിരുന്നു.