മുട്ടം: മലങ്കര മുതൽ മുട്ടം വരെയുളള റോഡരുകിൽ മാലിന്യം തളളൽ വ്യാപകമാകുന്നു.മുട്ടം എഞ്ചിനീയറിംഗ് കോളേജ്,പെരുമറ്റം കനാൽ ഭാഗം,പെരുമറ്റത്ത് മുസ്ലീം പളളിക്ക് സമീപം റോഡിന് വീതി കൂട്ടിയ ഭാഗം എന്നിവിടങ്ങളിൽ പ്ലാസ്റ്റിക്ക് കൂടിൽ പൊതിഞ്ഞ ഹോട്ടൽ മാലിന്യം ഉൾപ്പടെയുള്ളവ റോഡരുകിൽ ഇന്നലേയും തളളി.മഴക്കാല രോഗം ,കൊവീഡ് ,പകർച്ച വ്യാധികൾ എന്നിവക്കെതിരായി പഞ്ചായത്തും ആരോഗ്യ വകുപ്പും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമ്പോഴാണ് മാലിന്യങ്ങൾ തളളുന്നത്.രാത്രി സമയങ്ങളിൽ ഇത് വഴി വാഹനങ്ങളിൽ എത്തുന്നവരാണ് മാലിന്യം വ്യാപകമായി തളളുന്നത്.ഏതാനും മാസങ്ങൾക്ക് മുന്പ് വരെ ആലുവ,പെരുമ്പാവൂ‌‌ർ, വാഴക്കുളം,കൂത്താട്ടുകുളം,ഈരാറ്റ്പേട്ട,പാല പ്രദേശങ്ങളിൽ നിന്ന് ശൗചാലയ മാലിന്യം ഉൾപ്പടെ മലങ്കര ജലസംഭരണിയിലും, മലങ്കര,തുടങ്ങനാട്,പെരുമറ്റം,ശങ്കരപ്പളളി പ്രദേശങ്ങളിലും വ്യാപകമായി തളളിയിരുന്നു.ഇതിൽ ചിലയാളുകളേയും വാഹനങ്ങളേയും മുട്ടം പഞ്ചായത്തും പൊലീസും പിടി കൂടി പിഴ അടപ്പിക്കുകയും ചിലരുടെ പേരിൽ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ രാത്രിൽ മാലിന്യം തളളൽ തുടർന്ന് കൊണ്ടേയിരുന്നു. മുട്ടം പൊലീസ് മഫ്തിയിൽ എത്തി മാലിന്യം തള്ളുന്നവരെ കയ്യോടെ പിടികൂടിയിരുന്നു. എന്നാൽ അടുത്തകാലത്തായി മാലിന്യം വഴിയിൽ തള്ളുന്നവരുടെ എണ്ണം കൂടിവരുകയാണ്.