രജിസ്റ്റർ ചെയ്ത മുഴുവൻ ആളുകൾക്കും വാക്‌സിൻ നൽകും

തോട്ടം തൊഴിലാളികൾക്ക് രണ്ടോ മൂന്നോ

ദിവസം കൂടുമ്പോൾ കൊവിഡ് പരിശോധന നടത്തും.

ഇടുക്കി: ജില്ലയിൽ കോവിഡ് കേസുകളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ കൂടുതൽ കർശന നടപടിയിലേക്ക് നീങ്ങുകയാണെന്ന് ജില്ലാ കളക്ടർ എച്ച് ദിനേശൻ. ജില്ലയിലെ നാലു അതിർത്തി ചെക് പോസ്റ്റുകളിൽ ആരോഗ്യ വകുപ്പ്, റവന്യു, പൊലീസ്, പഞ്ചായത്ത്, തുടങ്ങിയവരുടെ സംയുക്ത സഹകരണത്തോടെ പരിശോധന ഊർജ്ജിതമാക്കി. തമിഴ്‌നാട്ടിൽ നിന്നെത്തുന്ന തോട്ടം തൊഴിലാളികൾക്ക് രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ കൊവിഡ് പരിശോധന നടത്തും.

കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ മാസ് കൊവിഡ് പരിശോധന ഇന്നും നാളെയും കൂടി നടത്തും. എന്തെങ്കിലും ലക്ഷണങ്ങൾ ഉള്ളവർ അടുത്തുള്ള പിഎച്ച് സി യിലെത്തി പരിശോധന നടത്തണമെന്നും കളക്ടർ പറഞ്ഞു. കൂടാതെ ഇലക്ഷന് ഡ്യൂട്ടി ഉള്ളവർ, സെയിൽസ് ജീവനക്കാർ, കച്ചവട സ്ഥാനപങ്ങളിലെ ജീവനക്കാർ, ഡ്രൈവർമാർ, തുടങ്ങി പൊതു ജനങളുമായി അധികം ഇടപെടൽ നടത്തിയിട്ടുള്ളവരും പരിശോധനയ്ക്ക് വിധേയമാകണമെന്ന് കളക്ടർ പറഞ്ഞു. കൂടാതെ പോസിറ്റീവിറ്റി നിരക്ക് കൂടിയ പഞ്ചായത്തുകളിൽ കൂടുതൽ കൊവിഡ് പരിശോധനകൾ ഇന്നലെ മുതൽ ആരംഭിച്ചു.

ആശുപത്രികളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ജില്ലയിലെ ആശുപത്രികളിൽ ആവശ്യത്തിന് ബെഡ്ഡുകൾ, ഓക്‌സിജൻ തുടങ്ങിയവയുണ്ട്. ഇടുക്കി മെഡിക്കൽ കോളേജ്, തൊടുപുഴ ജില്ലാ ആശുപത്രി എന്നിവയിൽ കൂടുതൽ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ ജില്ലയുടെ മറ്റു മേഖലകളിൽ പഞ്ചായത്തുമായി സഹകരിച്ചു കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും കളക്ടർ പറഞ്ഞു.

ജില്ലയിൽ ഇരുപതിനായിരം കോവിഷീൽഡ് വാക്‌സിൻ എത്തിയിട്ടുണ്ട്. ഇവ 63 കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്തു .എല്ലാവരും രജിസ്റ്റർ ചെയ്തതിനു ശേഷം വാക്‌സിനെടുക്കാൻ വരുന്നത് തിരക്ക് ഒഴിവാക്കാനാകുമെന്നും രജിസ്റ്റർ ചെയ്ത മുഴുവൻ ആളുകൾക്കും വാക്‌സിൻ നൽകുമെന്നും കളക്ടർ പറഞ്ഞു.