ഇടുക്കി: ജില്ലയിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് ശക്തമായ പരിശോധനകളാണ് ഈ ദിവസങ്ങളിൽ നടത്തി കൊണ്ടിരിക്കുന്നതെന്ന് ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസാമി പറഞ്ഞു. സ്റ്റേഷനുകളിൽ അത്യാവശ്യ ഡ്യൂട്ടിയ്ക്കുള്ള പൊലീസുകാരെ ഒഴിച്ച് മറ്റുള്ളവരെ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള പരിശോധനയുടെ ഭാഗമാക്കിയിരിക്കുകയാണ്. സ്വകാര്യ വാഹനങ്ങൾ, മാർക്കറ്റുകൾ, മറ്റു വാണിജ്യ സ്ഥാപനങ്ങൾ, ബസിലെ യാത്രക്കാരുടെ എണ്ണം പരിശോധിക്കൽ തുടങ്ങിയവ എസ്എച്ച്ഒ മാരുടെയും ഡിവൈഎസ്പി മാരുടെയും നേതൃത്വത്തിലാണ് നടക്കുന്നത് . 750 പൊലീസുകാർ കൊവിഡ് പ്രത്യേക സേനയിലുണ്ട്. കൂടാതെ അതിർത്തി ചെക് പോസ്റ്റുകളിൽ ആർടിപിസിആർ പരിശോധന നിർബന്ധമാക്കിയതോടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ വരുന്നവർക്ക് തൊട്ടടുത്ത പിഎച്ച്‌സിയിൽ കൊവിഡ് പരിശോധനയ്ക്കുള്ള സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്. ഇ പാസ്സിനുള്ള രജിസ്‌ട്രേഷൻ സംവിധാനവും ചെക് പോസ്റ്റിലുണ്ട്.