ചെറുതോണി: വാഴത്തോപ്പ് പി.എച്ച്.സിയിൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ രോഗികൾ ബുദ്ധിമുട്ടുന്നു. ഇടുക്കി മെഡിക്കൽ കോളേജ് കൊവിഡ് സെന്ററാക്കിയതോടെ വാഴത്തോപ്പ് പി.എച്ച്.സിയിൽ ദിവസേനയെത്തുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയിട്ടുണ്ട്. ഇപ്പോൾ കൊവിഡ് ടെസ്റ്റും, പ്രതിരോധ മരുന്നും കൊടുക്കാൻ തുടങ്ങിയതോടെ ദിവസേന അഞ്ഞൂറിലധികം അളുകളെത്തുന്നുണ്ട്. എന്നാൽ വിവിധ ആവശ്യങ്ങളുമായെത്തുന്ന രോഗികൾക്കും ജീവനക്കാർക്കും വെയിലും മഴയുമേൽക്കാതെ നിൽക്കാൻ കഴിയുന്നില്ല. നിലവിലുള്ള കെട്ടിടത്തിൽ ജീവനക്കാരും ഡോക്ടർമാരും ബുദ്ധിമുട്ടിയാണ് ജോലിചെയ്യുന്നത്. രോഗികളുടെ തിരക്കേറുമ്പോൾ ഇവരെ നിയന്ത്രിക്കാൻ ജീവനക്കാർ ബുദ്ധിമുട്ടുകയാണ്. നിലവിലുള്ള കെട്ടിടത്തിനു മുകളിൽ ഒരുനിലകൂടി പണിയുന്നതിനു എം.എൽ.എ ഫണ്ടിൽ നിന്നു തുകയനുവദിച്ച് ഒരുവർഷം കഴിഞ്ഞിട്ടും പണികൾ പൂർത്തിയായിട്ടില്ല. ഇപ്പോഴിവിടെയെത്തുന്ന രോഗികൾ മരച്ചുവട്ടിലും പടുതഷെഡിലുമൊക്കെയാണ് വിശ്രമിക്കുന്നത്.