കുമളി: തമിഴ്‌നാട്ടിൽ നിന്ന് കുമളി എക്‌സൈസ് ചെക്ക്‌പോസ്റ്റ് വഴി കേരളത്തിലേയ്ക്ക് കടത്തിയ 20 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ എക്‌സൈസ് സംഘം പിടികൂടി. വാഹന പരിശോധനയിൽ രണ്ട് വ്യത്യസ്ത കേസുകളിലായാണ് ഒളിപ്പിച്ച് കടത്തികൊണ്ട് വന്ന പാൻ മസാല കണ്ടെടുത്തത്. മൂങ്കലാർ സ്വദേശി കതിരേശന്റെ കൈവശത്ത് നിന്നും 17 കിലോയും, ചെങ്കര സ്വദേശി പാൽമുരുകനിൽ നിന്നും 3 കിലോയും പിടിച്ചെടുത്തു. എക്‌സൈസ് ഇൻസ്‌പെക്ടർ വി.ജെ റോയി, ഉദ്യോഗസ്ഥൻമാരായ ഹാപ്പി മോൻ, രാജ്കുമാർ ബി, ജയരാജ് എൻ.സി, അനീഷ് ടി.എ,സ്റ്റെല്ല ഉമ്മൻ എന്നിവർ ചേർന്നാണ് കേസ് കണ്ടെടുത്തത്.
ആറ് രൂപാ വിലയുള്ള ഒരു പായ്ക്കറ്റ് പാൻ മസാല കുട്ടികളടക്കമുള്ളവർക്ക് അൻപത് മുതൽ നൂറ് രൂപാ വരെ വിലയ്ക്ക് വിൽപ്പന നടത്തുന്നവരാണ് പിടിയിലായത്. പ്രതികളെ തുടർ നടപടികൾക്കായി വണ്ടിപ്പെരിയാർ എക്‌സൈസ് ഇൻസ്‌പെക്ടർക്ക് കൈമാറി.