തൊടുപുഴ: ഇനിയും വികസനം കടന്ന് വരാതെ തോണിക്കുഴി- കണ്ണാടിപ്പാറ-കരിക്കനാംപാറ പ്രദേശങ്ങളിലെ ജനങ്ങളുടെ ദുരിത്തിന് അറുതിയില്ല. ശുദ്ധജലം ഇവിടെ കിട്ടാക്കനിയാണ്. കലവും കുടവുമായി കിലോമീറ്ററുകളോളം നടന്ന് തലച്ചുമടായിട്ടാണ് ഇവിടെയുള്ളവർ കുടിവെള്ളം ശേഖരിക്കുന്നത്. വേനൽ കടുത്താൽ ഇതും നിലയ്ക്കും. മുട്ടം ടൗൺ, കുരിശുപള്ളിക്കവല എന്നിവിടങ്ങളിൽ നിന്ന് റേഷൻ ഉൾപ്പടെയുള്ള നിത്യോപയോഗ സാധനങ്ങൾ പാറക്കെട്ടുകളും മലയും ചുറ്റി തലച്ചുമടായിട്ടാണ് പ്രദേശവാസികൾ വീടുകളിൽ എത്തിക്കുന്നത്. വീടിന്റെയും മറ്റും നിർമ്മാണത്തിനുള്ള സാമഗ്രികൾ എത്തിക്കുന്നതും ഇങ്ങനെ തന്നെയാണ്. മഴപെയ്താൽ ചോർന്ന് ഒലിക്കുന്നതും അടച്ചുറപ്പില്ലാത്തതുമായ വീടുകൾ നിരവധിയാണ്. ശൗചാലയ സൗകര്യമില്ലാത്തതും മറ്റൊരു പ്രധാന പോരായ്മയാണ്. ഇവിടെയുള്ളവരിൽ 90 ശതമാനവും ദളിത്- പിന്നാക്ക വിഭാഗത്തിലുള്ളവരുമാണ്. വർഷങ്ങൾക്ക് മുമ്പ് സർക്കാരും പഞ്ചായത്തും സൗജന്യമായി നൽകിയ ഭൂമിയിലാണ് ഭൂരിഭാഗം പേരും കുടിൽ കെട്ടി താമസിക്കുന്നത്. ത്രിതല പഞ്ചായത്തുകളിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളിലും മാറിമാറി അധികാരത്തിൽ എത്തുന്ന ചില ഭരണാധികാരികൾ പ്രദേശത്തെ അവസ്ഥക്ക് മാറ്റം വരുന്നതിന് വേണ്ടി ഇടപെടലുകൾ നടത്തിയിട്ടുണ്ടെങ്കിലും അതൊന്നും പരിഹാരമാകുന്നുമില്ല. പ്രദേശത്തിന്റെ ദുരിതാവസ്ഥയ്ക്ക് മാറ്റം വരാത്തതിനെ തുടർന്ന് ഇവിടെയുള്ള അനേകം കുടുംബങ്ങൾ വീടും സ്ഥലവും ഉപേക്ഷിച്ച് പോയിട്ടുമുണ്ട്.
മാസ്റ്റർ പ്ലാൻ വേണം
തോണിക്കുഴി- കണ്ണാടിപ്പാറ- കരിക്കനാംപാറ പ്രദേശങ്ങളുടെ നിലവിലുള്ള അവസ്ഥയ്ക്ക് പരിഹാരമായി സമഗ്രമായ മാസ്റ്റർ പ്ലാൻ ആവിഷ്ക്കരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്തിന് മാത്രമായി ഒരു ടാസ്ക് ഫോഴ്സ് രൂപീകിച്ച് അതിന്റെ നേതൃത്വത്തിലാവണം മാസ്റ്റർ പ്ലാൻ. ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്തിന്റെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും മറ്റ് വിവിധ വികസന- ക്ഷേമ ഏജൻസികളുടെയും പദ്ധതികൾ ഇവിടേക്ക് കൊണ്ടുവരാനും ടാസ്ക് ഫോഴ്സിന്റെ കോർഡിനേഷൻ ഉണ്ടാവുകയും വേണമെന്ന് അവർ പറയുന്നു.